Your Image Description Your Image Description

ജയ്പുര്‍: അജ്മീറിലെ ഹോട്ടലിൽ വൻ തീപിടുത്തം. ഇന്ന് രാവിലെയുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ നാസിലാണ് തീപിടുത്തമുണ്ടായത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് 18 താമസക്കാർ ഹോട്ടലില്‍ ഉണ്ടായിരുന്നു. അജ്മീര്‍ തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താസിച്ചിരുന്നത്. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. രണ്ട് സ്ത്രീകളും നാലുവയസ്സുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുഞ്ഞിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ മൂന്നാംനിലയില്‍ നിന്ന് താഴേക്കെറിഞ്ഞതായി ഹോട്ടലില്‍ താമസിച്ചിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിസാരപരിക്കുകളോടെ കുഞ്ഞ് ചികിത്സയിലാണ്. സ്ത്രീയും ചാടാന്‍ ശ്രമിച്ചുവെങ്കിലും മറ്റുള്ളവര്‍ തടഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹോട്ടലില്‍നിന്ന് ലഭ്യമായ വീഡിയോ ദൃശ്യങ്ങളില്‍ ജനാലയിലൂടെ പുറത്തിറങ്ങാല്‍ ശ്രമിക്കുന്നവരെ കാണാം. ജനാലയിലൂടെ കയറില്‍തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരാള്‍ നിലതെറ്റി വീഴുന്നുമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടുങ്ങിയ സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *