Your Image Description Your Image Description

വിദേശ വിനോദസഞ്ചാരികളിൽ നിന്ന് അമിതമായി തുക ഈടാക്കുന്നത് ഇന്ത്യയിൽ പലയിടങ്ങളിലും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. അത്തരത്തിൽ ഒരു അനുഭവമാണ് ബ്രിട്ടീഷുകാരനായ വ്ലോ​ഗർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് ട്രാവൽ വ്ലോഗറും കണ്ടന്റ് ക്രിയേറ്ററുമായ ജോർജ്ജ് ബക്ക്ലിയാണ് ഇന്ത്യ സന്ദർശിച്ചപ്പോൾ തനിക്കു നേരിട്ട അനുഭവം പങ്കുവച്ചിരിക്കുന്നത്. ആ യാത്രയ്ക്കിടെ ഒരു ബാർബർ ഷോപ്പിൽ കയറി മുടിവെട്ടിയ ജോർജ്ജി​ന്റെ കയ്യിൽ നിന്നും അമിതമായ തുകയാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ഒരു ഹെയർകട്ടിനും തല മസാജ് ചെയ്യുന്നതിനും വേണ്ടി തുടക്കത്തിൽ 1,800 രൂപ പറഞ്ഞതായിട്ടാണ് ജോർജ്ജ് പറയുന്നത്. എന്നാൽ, ഈ തുക നൽകാൻ അയാൾ മടിച്ചു നിന്നതോടെ അത് 1,500 രൂപയായി കുറഞ്ഞു, പിന്നീട് 1,200 ആയി മാറിയെന്നും ജോർജ്ജ് പറയുന്നു. ഇതിൽ എന്തോ ഒരു കുഴപ്പമുണ്ട് എന്ന് തോന്നിയ ജോർജ്ജ് കടയിൽ എത്തിയ മറ്റുള്ളവരോട് സാധാരണയായി എത്ര രൂപയാണ് മുടി വെട്ടുന്നതിനും മറ്റും ഈടാക്കുക എന്ന് അന്വേഷിച്ചു.

എന്നാൽ, ആദ്യം ഉത്തരം പറയാൻ അവരും വിസമ്മതിച്ചു. എന്നാൽ, പിന്നീട് സാധാരണയായി 700 – 800 രൂപയാണ് ഈടാക്കുന്നത് എന്ന് അവർ സമ്മതിക്കുകയായിരുന്നു.

എന്നാൽ, എത്രയൊക്കെ പറഞ്ഞിട്ടും അവസാനം ജോർജ്ജിന് 1200 രൂപ നൽകേണ്ടി വന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. തന്റെ ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിൽ ജോർജ്ജ് പറയുന്നത്, താൻ അയാൾക്ക് ടിപ്പ് കൊടുക്കണമെന്ന് കരുതിയതാണ്, എന്നാൽ അയാൾ തന്നെ അത് നശിപ്പിച്ചു എന്നാണ്.

ഏഷ്യയിൽ യാത്ര ചെയ്ത് പരിചയം വന്നാൽ എവിടെയാണ് അമിതമായ തുക ഈടാക്കുന്നത് എന്ന് മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കും. അടുത്ത സഞ്ചാരിയോട് അയാൾ ഇതുപോലെ അമിതമായ തുക ഈടാക്കില്ല എന്ന് പ്രതീക്ഷിക്കാം. എന്തായാലും ഈ അനുഭവം കൊള്ളാമെന്നും യുവാവ് കുറിക്കുന്നുണ്ട്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യക്കാരടക്കം പറഞ്ഞിരിക്കുന്നത്, എന്തായാലും ജോർജ്ജ് പറ്റിക്കപ്പെട്ടു എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *