Your Image Description Your Image Description

പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് ഗൂഢാലോചന കുറ്റം ചുമത്തി. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെ(42) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനും കേസിലെ ഒന്നാം പ്രതിയുമായ സന്തോഷുമായി ചേർന്ന് ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കേസിൽ മൂന്നാം പ്രതിയാണ് ഇന്നലെ അറസ്റ്റിലായ മിനി നമ്പ്യാർ. ഈ കേസിൽ തോക്ക് നൽകിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടിൽവച്ച് മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.

മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു.

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ദീർഘകാലമായി മിനി നമ്പ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ്‌ സന്ദേശങ്ങളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാർച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരിൽ ശകാരിച്ചിരുന്നു.

കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. രാധാകൃഷ്ണൻ പുതുതായി നിർമിക്കുന്ന വീട്ടിലാണ്‌ കൊല നടന്നത്‌. മാതമംഗലത്തെ വീട്ടിൽനിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടിൽ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.

രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃ​ത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് ആദ്യമേ തന്നെ കണ്ടെത്തിയിരുന്നു. ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ. ഇവരും സന്തോഷും ചെറുപ്പം മുതലേ സൗ​ഹൃദത്തിലായിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ രാധാകൃഷ്ണനും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം യുവതിയുമായുള്ള സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. കൊലപാതകത്തിന് പിന്നാലെ തന്നെ മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻ്റെ കാരണം കണ്ടെത്തിയത്.

സംഭവത്തിന് മുൻപ് പ്രതി ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയത്. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിൽ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളും എന്നത് ഉറപ്പ്’ എന്നാണ് പ്രതി സന്തോഷ് മുൻപ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകൾ santhosh nk santhosh nk എന്ന പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *