Your Image Description Your Image Description

വാഷിങ്ൺ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് കാലിഫോർണിയയിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ അടുത്ത വർഷം പൂട്ടുമെന്ന് അറിയിപ്പ്. സക്കര്‍ബര്‍ഗിന്റെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് രക്ഷിതാക്കൾ. 2016 ൽ സ്ഥാപിച്ച ഈ സ്കൂൾ അടുത്ത വർഷത്തോടെ പ്രവർത്തനം നിർത്തുകയാണെന്നാണ് ഇപ്പോൾ അറിയിപ്പ് വന്നിരിക്കുന്നത്. താഴേക്കിടയിലുള്ള അവർണ്ണ സമൂഹങ്ങൾക്കായി സക്കർബർഗ് സ്ഥാപിച്ച സ്കൂൾ ആയിരുന്നു ഇത്. മെറ്റയുടെ ആസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് പാലോ ആൾട്ടോയിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (CZI) 2016 ൽ തുടങ്ങിയ സ്ഥാപനത്തിന് വൻ ജനപ്രീതി നേടിയിരുന്നു.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, മാതാപിതാക്കളെ ഒരു ബ്രേക്ക്ഫാസ്റ്റിന് വിളിച്ചുവരുത്തി കാര്യം അറിയിക്കുകയായിരുന്നു. ‘വളരെയധികം ആലോചനകൾക്ക് ശേഷമാണിത്, ഈസ്റ്റ് പാലോ ആൾട്ടോയിലെയും ഈസ്റ്റ് ബേയിലെയും ഞങ്ങളുടെ സ്കൂളുകൾ 2025-26 അധ്യയന വർഷത്തിന്റെ അവസാനത്തോടെ അടയ്ക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. എന്നിരുന്നാലും അടുത്ത വർഷവും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ചിന്തനീയവും പിന്തുണ നൽകുന്നതിനുള്ള ചില കാര്യങ്ങൾ ഉറപ്പുവരുത്താൻ ഞങ്ങൾ തയ്യാറാണ്. പ്രൈമറി സ്കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിനായി, അടുത്ത കുറച്ച് വർഷങ്ങൾ കൂടി ഈസ്റ്റ് പാലോ ആൾട്ടോ, ബെല്ലെ ഹാവൻ, ഈസ്റ്റ് ബേ കമ്മ്യൂണിറ്റികളിൽ സിഎ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് 50 മില്യൺ ഡോളര്‍ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും വിശദീകരിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.

സ്കൂൾ അടച്ചുപൂട്ടാനുള്ള കാരണം മകൻ കിൻഡര്‍ഗാർഡനിലെ ടീച്ചറിൽ നിന്ന് കേട്ട ശേഷം തന്നോട് പറഞ്ഞതായി ഒരു രക്ഷിതാവായ എമെലിൻ വൈനിക്കോളോ പറയുന്നു. ‘അമ്മേ, നമ്മുടെ സ്കൂളിന് പണം തന്നുകൊണ്ടിരുന്ന ആൾ ഇനി അത് ഞങ്ങൾക്ക് തരാൻ ആഗ്രഹിക്കുന്നില്ല’ എന്ന് കുട്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രീസ്കൂൾ കുട്ടികൾ മാത്രമായിരുന്നു ആദ്യം സ്കൂളിൽ പ്രവേശനം നൽകിയത്, എന്നാൽ ഒടുവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും സേവനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ വർഷവും ഒരു ഗ്രേഡ് കൂടി ചേർത്ത് 2025-26 അധ്യയന വർഷം എട്ടാം ക്ലാസ് വരെ ക്ലാസ് തുടങ്ങിയിരുന്നു. പുതിയ തീരുമാനത്തോടെ അത് അവസാനിക്കും. സ്കൂൾ അടച്ചുപൂട്ടലിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ പ്രീതി പിടിച്ചുപറ്റാൻ നടത്തുന്നു നിലപാടുകളിലെ മലക്കം മറിച്ചിലുകൾ വിമര്‍ശിക്കപ്പെടുന്നതിനിടയ്ക്കാണ് പുതിയ തീരുമാനവും പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *