Your Image Description Your Image Description

ചെന്നൈ: സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ. ലൈറ്ററുകൾ വ്യാപകമായതോടെ തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും അതിനാൽ അവ നിരോധിക്കണമെന്നുമുള്ള തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ച് ധനമന്ത്രി തങ്കം തെന്നരശനാണ് ഈ തീരുമാനം നിയമസഭയിൽ അറിയിച്ചത്.

ലൈറ്ററുകൾ വ്യാപകമായതോടെ, തീപ്പെട്ടി വ്യവസായത്തെ സാരമായി ബാധിച്ചെന്നും ഇവ നിരോധിക്കാൻ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെന്നും തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപ്പെട്ടി നാഷണൽ സ്മോൾ മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പരമശിവം പറഞ്ഞു. ലൈറ്ററുകൾ വിപണിയിൽ സുലഭമായതോടെ, തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നും പരമശിവം വ്യക്തമാക്കി. കോവിൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് തീപ്പെട്ടിനിർമാണ വ്യവസായം. തമിഴ്‌നാട്ടിൽ 70 ശതമാനംപേരും ലൈറ്ററുകൾ ഉപയോഗിക്കാൻ തുടങ്ങിയത് തങ്ങൾക്ക് കനത്ത തിരിച്ചടിയായി മാറിയെന്നും അസോസിയേഷൻ സെക്രട്ടറി ആർ. ഗോപാൽസാമി പറഞ്ഞു. കോവിൽപ്പെട്ടിയിൽനിന്നുള്ള തീപ്പെട്ടി കയറ്റുമതിയെയും ലൈറ്ററുകളുടെ ഉപയോഗം സാരമായി ബാധിച്ചെന്ന് ഇവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *