Your Image Description Your Image Description

25 വർഷങ്ങൾക്ക് മുമ്പ് താൻ ജീവനൊടുക്കുന്നതിനെ കുറിചച് ചിന്തിച്ചിരുന്നെന്ന് വെളിപ്പെടുത്തി നടി ഹീരാ രാജഗോപാൽ. താൻ പ്രണയിച്ച വ്യക്തി തന്നെ ഒഴിവാക്കുകയും പിന്നീട് വ്യക്തിഹത്യ നടത്തുകയും ചെയ്തതോടെയാണ് ആത്മഹത്യചെയ്യാൻ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലാണ് നടി താനും ആത്മഹത്യചെയ്യാൻ ആലോചിച്ച നാളുകളെ കുറിച്ച് തുറന്നു പറയുന്നത്. തന്റെ വെബ്‌സൈറ്റിൽ പങ്കുവച്ച ബ്ലോഗിലാണ് അക്കാലത്ത് താൻ അനുഭവിച്ച മാനസിക പ്രശ്നങ്ങളെ കുറിച്ചും താരം വിശദീകരിക്കുന്നത്.

പ്രശസ്തനായ നടനായിരുന്നു തന്റെ കാമുകനെന്നും അയാൾക്ക് നട്ടെല്ലിൽ പരിക്കുപറ്റി കിടന്നപ്പോൾ രാപകലില്ലാതെ ആശുപത്രിയിൽ നിന്ന് ശുശ്രൂഷിച്ചത് താനായിരുന്നെന്നും നടി പറയുന്നു. എന്നാൽ, തന്നെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് അയാൾ വലിച്ചെറിഞ്ഞിട്ട് പോയതെന്നും ഹീര വെളിപ്പെടുത്തി. പിന്നീട് മയക്കുമരുന്നിന് അടിമയെന്നും അമിതമായ ലൈംഗിക ആസക്തിയുള്ളവളെന്നും മദ്യപാനിയെന്നും അയാളും ആരാധകരും തന്നെ മുദ്രകുത്തിയെന്നും നടി ഓർമ്മിപ്പിക്കുന്നു. തന്റെ മുൻ കാമുകനും അയാളുടെ ആരാധകരും ചേർന്ന് വ്യക്തിഹത്യയും അപവാദപ്രചാരണവും തുടർന്നപ്പോഴാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താരം കുറിച്ചു.

അതേസമയം, ആരാണ് ആ നടൻ എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നടൻ അജിത്തിനെതിരെയാണ് ഹീരയുടെ ഒളിയമ്പ് എന്നാണ് നെറ്റിസൺസ് പറയുന്നത്. അജിത്തിന്റെയോ ശാലിനിയുടെയോ പേരെടുത്ത് പറയാതെയാണ് ഹീരയുടെ ബ്ലോഗ് എങ്കിലും ഇത് അജിത്തിനെയും ഭാര്യ ശാലിനിയെയും അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് ആരാധകരുടെ ആരോപണം. 2025 ജനുവരിയിലെ ആർക്കൈവ് ചെയ്ത ബ്ലോഗ് പോസ്റ്റ് ആണ് ഹീര ഇപ്പോൾ പങ്കുവച്ചത്.

ഹീരയുടെ കുറിപ്പിന്റെ പൂർണരൂപം:

‘‘25 വർഷങ്ങൾക്ക് മുമ്പ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ സ്നേഹിച്ച നടനിൽ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാൻ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങൾക്കിടയിൽ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിൽ അയാൾക്കും പങ്കുണ്ടായിരുന്നു. എന്റെ സ്നേഹം സ്വീകരിച്ച് ഞാൻ പിന്തുണച്ചു പ്രോത്സാഹിപ്പിച്ച ആൾ രാത്രി ഇരുണ്ടു വെളുത്തപ്പോൾ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസ്സിലായതേയില്ല.

നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസർജനങ്ങൾ വരെ മാറ്റി പരിചരിച്ചവളാണ് ഞാൻ. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂർണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാൻസ്‌ എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവർഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.

ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തിൽ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കിൽ എന്റെ കാമുകൻ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകർ എനിക്കെതിരെ അസഭ്യവർഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്. ഒരു സാഡിസ്റ്റായ അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവൾ, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു.

എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ക്രൂരമായ ചിരിയാണ് ആ നടനിൽ നിന്ന് ഉണ്ടായത്. അയാൾ എന്നോട് പറഞ്ഞു ‘‘വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.’’

ജീവിതത്തിൽ ഇത്രയധികം വെല്ലുവിളികൾ നേരിട്ടിട്ടും ഞാൻ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗർ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യൽ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉൾപ്പടെ അയാൾക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതൽ ഞാൻ പലതും അതിജീവിച്ചു വന്നതാണ്, അതെന്റെ ഉത്തരവാദിത്തമാണ്.’’

മോഡലിം​ഗിലൂടെ സിനിമാലോകത്തെത്തി പിന്നീട് നിശബ്ദയായി മാറിയ ഹീര

ഹീരയുടെ കരിയർ ആരംഭിക്കുന്നത് പരസ്യ മോഡൽ എന്ന നിലയിലാണ്. പിന്നീട് സിനിമയിലേക്കെത്തിയ താരം എന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളിൽ നായികയായി. നിർണയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മിന്നാമിനുങ്ങിനും മിന്നുകെട്ട് , പൂത്തിരുവാതിര രാവിൽ തുടങ്ങി ഏതാനും മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും നായികയായി തിളങ്ങി നിന്ന ഹീര പക്ഷേ വളരെ പെട്ടെന്നാണ് അഭ്രപാളിയിൽ നിന്നും അപ്രത്യക്ഷമായത്. 1999 ന് ശേഷം ​ഹീര ഒരു സിനിമയിലും വേഷമിട്ടില്ല. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് ആരോടും പറഞ്ഞതുമില്ല.

ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന രാജഗോപാലിന്റെ ഏക മകളായിരുന്നു ഹീര. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ ഹീരയ്ക്ക് പഠനകാലത്ത് തന്നെ പ്രിന്റ് മീഡിയയിൽ വരുന്ന പരസ്യങ്ങളിൽ മോഡലിങിന് അവസരം ലഭിച്ചിരുന്നു. ആ സമയത്ത് വരുമാനം കണ്ടെത്താനായി ഹീര പലവിധ ജോലികൾ ചെയ്തിരുന്നു. എൻസൈക്ക്‌ളോ പീഡിയ വിൽപ്പന, മോഡൽ കോർഡിനേറ്റർ, ഹോട്ടൽ റിസപ്ഷനിസ്റ്റ് തുടങ്ങി ജീവിതത്തിൽ പല വേഷങ്ങളും ഹീര അണിഞ്ഞു.

ഇരുപതാം വയസ്സിൽ ഇദയം എന്ന സിനിമയിൽ നായികയാകാൻ ഹീരയ്ക്ക് അവസരം ലഭിച്ചു. പടം വൻഹിറ്റായതോടെ ഹീരയും ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് ദത്തിനൊപ്പം അമനാഥ് എന്ന ബോളിവുഡ് ചിത്രത്തിൽ നായികയായി അരങ്ങേറാനും ഹീരയ്ക്ക് സാധിച്ചു. സഞ്ജയ്ദത്ത് കേസിൽ കുടുങ്ങിയതോടെ സിനിമയുടെ റിലീസ് നീണ്ടുപോവുകയും പിന്നീട് ഫ്‌ളോപ്പാകുകയും ചെയ്തു. കാതൽക്കോട്ടൈ എന്ന സൂപ്പർഹിറ്റ് തമിഴ്ചിത്രമാണ് ഹീരയ്ക്ക് വൻഖ്യാതി നേടിക്കൊടുത്തത്. മലയാളത്തിൽ അവർ അഭിനയിച്ച നിർണയം മികച്ച പടമായിട്ടും ബോക്‌സ്ഓഫിസിൽ വിജയമായില്ല. പതിയെ പടിയിറക്കം സംഭവിക്കുന്ന ഹീരയെയാണ് പ്രേക്ഷകർ കണ്ടത്.

വിവാഹത്തിന് മുൻപ് ഒരു തമിഴ് നടനും അവരും തമ്മിലുളള പ്രണയം അക്കാലത്ത് ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകി നടൻ അവരെ വഞ്ചിക്കുകയായിരുന്നുവെന്നും ദീർഘകാലം അതിന്റെ പേരിൽ ചൂഷണം ചെയ്തിരുന്നതായും വാർത്തകൾ പ്രചരിച്ചു. അവർ ഇത് സംബന്ധിച്ച് ഒരിടത്തും വെളിപ്പെടുത്തലുകൾ നടത്താത്തതു കൊണ്ട് ആ വാർത്തയ്ക്ക് സ്ഥിരീകരണമുണ്ടായില്ല. നടൻ പിന്നീട് മലയാളിയായ മറ്റൊരു നടിയെ വിവാഹം കഴിച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കി. ഇന്നും തമിഴ് സിനിമയിലെ മിന്നും താരമാണ് നടൻ. ഹീരയാവട്ടെ ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്നു.

എന്നാൽ ഇക്കാര്യത്തിൽ വിപരീതമായ വാർത്തകളും പ്രചരിക്കുന്നുണ്ട്. നടനും ഹീരയും തമ്മിലുളള ബന്ധം അറിഞ്ഞ മാതാവ് ഇതിനെ എതിർത്തിരുന്നെന്നും ഹീരയുടെ ആക്ടിങ് കരിയറിനെ ഈ ബന്ധം ബാധിക്കുമെന്നതിനാലാണ് അവർ ഇടങ്കോലിട്ടതെന്നും പറയുന്നവരുണ്ട്. എന്തായാലും ആദ്യം വിവാഹിതനായത് നടനാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം ഹീരയും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും തുടക്കത്തിൽ തന്നെ പാളി. വ്യവസായിയായ പുഷ്‌കർ മാധവിനെയാണ് നടി വിവാഹം കഴിച്ചത്. എന്നാൽ, വെറും നാലു വർഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നത്.

1991 മുതൽ 1999 വരെ സിനിമാ ലോകത്ത് സജീവമായിരുന്ന ഹീരയുടെ അവസാന ചിത്രം തമിഴ് സിനിമയായ സ്വയംവരം ആയിരുന്നു. ഇപ്പോൾ 53 വയസ്സാണ് ഹീരക്ക്.

Leave a Reply

Your email address will not be published. Required fields are marked *