Your Image Description Your Image Description

രാജ്യത്ത് ആട്ട വില കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആട്ട വില കിലോഗ്രാമിന് 5 രൂപ മുതല്‍ 7 രൂപ വരെയാണ് കുറഞ്ഞത്. പ്രധാന ഗോതമ്പ് ഉല്‍പ്പാദക സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോതമ്പ് വരവ് കൂടിയതോടെയാണ് ആട്ട വില താഴ്ന്നത്. അനുകൂലമായ കാലാവസ്ഥയും ഈ സീസണില്‍ വലിയ വിളനാശം ഇല്ലാതിരുന്നതും കാരണം കൂടുതൽ വിളവെടുപ്പ് നടന്നിട്ടുണ്ട്. ഇതോടെ നിരവധി ബ്രാന്‍ഡഡ് ആട്ട കമ്പനികള്‍ കിലോഗ്രാമിന് 1.5 രൂപ മുതല്‍ 5 രൂപ വരെ വില കുറച്ചിട്ടുണ്ട്.

മൊത്തവിലയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ ക്വിന്‍റലിന് 2,900 രൂപ – 3,000 രൂപയായി വില കുറഞ്ഞു. ഒരു മാസം മുമ്പ് ഇത് 3,600 രൂപ മുതല്‍ – 3,700 രൂപ വരെയായിരുന്നു. ഗോതമ്പ് സംഭരണം ആരംഭിച്ച മാര്‍ച്ച് 15 നും ഏപ്രില്‍ 24 നും ഇടയില്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ 19.85 ദശലക്ഷം ടണ്ണിലധികം (മെട്രിക് ടണ്‍) ഗോതമ്പ് വാങ്ങി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13.85 മെട്രിക് ടണ്ണായിരുന്നു. 2025-26 ലെ സീസണില്‍, 2024-25 ല്‍ വാങ്ങിയ 26.6 മില്യണ്‍ ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍, 31.2 മില്യണ്‍ ടണ്‍ ഗോതമ്പ് സംഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 2024-25 റാബി സീസണില്‍ ഗോതമ്പ് ഉത്പാദനം റെക്കോര്‍ഡ് ആയ 115.43 മില്യണ്‍ ടണ്ണിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, കഴിഞ്ഞ വര്‍ഷം വിളവെടുത്ത 113.29 മില്യണ്‍ ടണ്ണിനെ മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍.

2024 ഡിസംബര്‍ പകുതിയോടെ ഗോതമ്പ് വില കുതിച്ചുയരാന്‍ തുടങ്ങിയിരുന്നു. വിതരണത്തിലെ കുറവും മില്ലുകളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡും കാരണമാണ് അന്ന് വില വര്‍ധിച്ചത്. ഫെബ്രുവരി ആദ്യം ഗോതമ്പ് വില റെക്കോര്‍ഡ് ഉയരത്തിലെത്തി. മാര്‍ച്ച് പകുതിയോടെ ഗോതമ്പ് വരവ് മാത്രമാണ് വില കുറയാന്‍ തുടങ്ങിയത്. അതേ സമയം ഈ വിലക്കുറവ് ചില്ലറ വിപണിയില്‍ പൂര്‍ണ്ണമായും പ്രതിഫലിക്കാന്‍ കുറച്ച് ആഴ്ചകള്‍ കൂടി എടുത്തേക്കാമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *