Your Image Description Your Image Description

ലോകത്ത് ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. നിലവിലെ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 5 ലക്ഷം രൂപ കടന്ന് കഴിഞ്ഞു. ദക്ഷിണ കശ്മീരിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിർത്തി വ്യാപാരത്തിനായി അടച്ചതിനു ശേഷമാണ് ഈ സംഭവവികാസം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ കുങ്കുമപ്പൂവിന്റെ വില 10 ശതമാനമാണ് വർദ്ധിച്ചത്. അതിർത്തി അടയ്ക്കുന്നതിനും മുമ്പ്, ഏറ്റവും ഉയർന്ന നിലവാരമുള്ള കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 4.25 ലക്ഷം മുതൽ 4.50 ലക്ഷം രൂപ വരെയായിരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ മുതൽ 1,800 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ലോകത്തിലെ ഏക കുങ്കുമപ്പൂവ് ഇന്ത്യയിൽ നിന്നുള്ള കുങ്കുമപ്പൂവാണ്. ഇക്കണോമിക് ടൈംസ് പ്രകാരം, കശ്മീരിൽ നിന്നുള്ള കുങ്കുമപ്പൂവ് ഉയർന്ന നിലവാരമുള്ളതാണെന്ന് കരുതപ്പെടുന്നു. എന്നാൽ കശ്മീരിൽ പ്രതിവർഷം ആറ് മുതൽ ഏഴ് ടൺ വരെ കുങ്കുമം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളത് ലോകത്തിലെ ഏറ്റവും വലിയ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യമായ അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അഫ്ഗാനിസ്ഥാൻ കുങ്കുമപ്പൂവ് അതിന്റെ തീവ്രമായ നിറത്തിനും സുഗന്ധത്തിനും പേരുകേട്ടതാണ്, അതേസമയം ഇറാനിയൻ കുങ്കുമപ്പൂവ് വിലകുറഞ്ഞ ഓപ്ഷനാണെന്ന് കരുതപ്പെടുന്നു.

ഇറാനിയൻ കുങ്കുമപ്പൂവിന്റെ വിലയും അഞ്ച് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സ്പെയിൻ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ പ്രതിവർഷം ഏകദേശം 55 ടൺ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നുണ്ട്. കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാൽ അതിൽ നിന്ന് പത്തോളം കിഴങ്ങുകൾ ഉണ്ടാക്കാൻ കഴിയും. വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളംതണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു.

ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി വയലറ്റ് -ലൈലാക് നിറത്തിലുള്ള പൂക്കൾ ഉൽപ്പാദിപ്പിക്കുന്നു. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകള്‍ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേര്‍തിരിച്ചെടുക്കുന്നത്. ഏകദേശം 150 പൂക്കളില്‍നിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുക. കുങ്കുമപ്പൂവ് മൂന്ന് പ്രധാന ഇനങ്ങൾ ആണുള്ളത്.

മോംഗ്ര (കാശ്മീർ) – കടും ചുവപ്പ് നിറത്തിലുള്ള, ഏറ്റവും ശക്തമായ രുചിയുള്ള ഏറ്റവും വില കൂടിയതും ഇതാണ്.
ലാച്ച (കാശ്മീർ) – അല്പം കുറഞ്ഞ വീര്യമുള്ള കുങ്കുമപ്പൂവ്
പുഷാൽ (അഫ്ഗാൻ, ഇറാൻ) – മഞ്ഞ നിറമുള്ള നേരിയ കുങ്കുമ നാരുകൾ. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞത്.

കുങ്കുമത്തിന്റെ തീവിലക്ക് കാരണം പരിപാലിക്കാനും വിളവെടുക്കാനും വിളവെടുത്ത് അത് ഉണക്കിയെടുക്കുന്നതിനുമുള്ള ബുദ്ധിമുട്ടാണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കണം. അല്ലാത്തപക്ഷം പൂപ്പൽ പിടിച്ച് അത് ഗുണമില്ലാതാവും. ഉണക്കുന്നത് ശ്രമകരമായി ജോലിയാണ്. ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പക്ക് മുകളിൽ കുങ്കുമം വെക്കുന്നു. എന്നിട്ട് കൽക്കരി അഥവാ മരം ഈ അരിപ്പക്ക് കീഴെ വച്ച് കത്തിക്കുന്നു. താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ലാസ് കുപ്പികളിൽ അടച്ചുവച്ച് സൂക്ഷിക്കുന്നു.

ദി ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം , പാംപോർ, ബുഡ്ഗാം, പുൽവാമ, ശ്രീനഗർ, ജമ്മുവിലെ കിഷ്ത്വാർ ജില്ല എന്നിവിടങ്ങളിൽ ആണ് കശ്മീരി കുങ്കുമം കൃഷി ചെയ്യുന്നത്. ഇന്ത്യ ഇന്റർനാഷണൽ കശ്മീർ കുങ്കുമപ്പൂവ് ട്രേഡിംഗ് സെന്റർ പ്രകാരം, കശ്മീരിലെ കുങ്കുമപ്പൂ കൃഷി ബിസി 500 മുതലുള്ളതാണ്. 2020-ൽ കശ്മീരി കുങ്കുമപ്പൂവിന് ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) ടാഗ് ലഭിച്ചു – ലോകത്തിലെ ഏക ജിഐ ടാഗ് ചെയ്ത സുഗന്ധവ്യഞ്ജനമാണിത്. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ,ഗുണങ്ങളോ പ്രശസ്തിയോ ഉള്ളതുമായ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഒരു അടയാളമാണ് ജിഐ ടാഗ്. ജിഐ സർട്ടിഫിക്കേഷൻ കശ്മീരി കുങ്കുമപ്പൂവിൽ വ്യാപകമായ മായം ചേർക്കുന്നത് തടയും, അതുവഴി, കുങ്കുമപ്പൂവിന് വളരെ മികച്ച വില ലഭിക്കും. കശ്മീരി കുങ്കുമപ്പൂവ് ഭക്ഷണത്തിലും, ഔഷധ ആവശ്യങ്ങൾക്കും, സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു, കൂടാതെ ഇന്ത്യയിലുടനീളമുള്ള മതപരമായ ആചാരങ്ങളുടെ ഭാഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *