Your Image Description Your Image Description

മുമ്പെങ്ങുമില്ലാത്ത വിധം നിരവധി കഞ്ചാവ് കേസുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ ഡി ഹണ്ടി​ന്റെ ഭാ​ഗമായി വ്യാപക പരിശോധനകൾ നടക്കുകയും സമൂഹത്തിലെ ഉന്നതരും സെലിബ്രിറ്റികളുമടക്കം പിടിയിലാകുകയും ചെയ്യുന്നുണ്ട്. എന്നാൽ പിടിക്കപ്പെടുന്ന പലർക്കും മണിക്കൂറുകൾക്കകം തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതും നമ്മൾ കാണുന്നു. പിടിക്കപ്പെടുന്നവർക്ക് പല ശിക്ഷയാണോ? കൃഷി ചെയ്യുന്നതിന് വേറെ ശിക്ഷയുണ്ടോ? ഇങ്ങനെ പല സംശയങ്ങളും സാധാരണക്കാർക്ക് ഉണ്ട്. എന്നാൽ നിയമം ഇതിനെക്കുറിച്ച് എന്താണ് പറയുന്നത്.

ഓപ്പറേഷന്‍ ഡി ഹണ്ട് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനോടൊപ്പം തന്നെ സിന്തറ്റിക് ഡ്രഗ് മാരക ലഹരിയാണെന്നും മറ്റുലഹരികള്‍ താരതമ്യേന അപകടകാരികളല്ലെന്നുമുള്ള ഒരു വ്യാഖ്യാനം അറിയാതെയെങ്കിലും ബോധവത്കരണ/ ഉപദേശ കോലാഹലങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. ലഹരിയുടെ ടോക്‌സിസിറ്റി അളക്കുന്നത് അത് ഓര്‍ഗാനിക്കോ സിന്തറ്റിക്കോ, സെമി സിന്തറ്റിക്കോ, വാതക രൂപത്തിലുള്ളതോ ദ്രാവക രൂപത്തിലുള്ളതോ എന്നൊന്നും നോക്കിയല്ല. ലഹരി ഒരാളുടെ മാനസികവും സാമൂഹികവും സാമ്പത്തികവും ആയ ജീവിതത്തെ തകര്‍ക്കുന്നതും അത് ഉപയോഗിക്കുന്നതിനുള്ള വൈദ്യശാസ്ത്രപരമായ അളവും കണക്കാക്കിയാണ് അതിന്റെ ടോക്‌സിസിറ്റി കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയില -മദ്യ ഉപഭോഗം കാരണം 30 ലക്ഷം ജീവനാണ് പ്രതിവര്‍ഷം നഷ്ടമാവുന്നത്. അതിനാല്‍, എല്ലാ ലഹരിയും അപകടകാരികളാണ്.
കേവലം ഉപദേശങ്ങളിലൂടെയൊ സെലിബ്രിറ്റി അറസ്റ്റിലൂടെ നേടിയെടുക്കുന്ന മാധ്യമ ശ്രദ്ധയിലൂടെയോ പരിഹരിക്കാവുന്ന പ്രശ്‌നമായല്ല ഭരണകൂടം ഇതിനെ പരിഗണിക്കേണ്ടത്. കേരളം മാത്രം നേരിടുന്ന വിപത്താണ് ഇതെന്ന കാഴ്ചപ്പാടും മാറേണ്ടതുണ്ട്.

എന്‍ഡിപിഎസ് നിയമം

നിയമത്തെകുറിച്ചുള്ള അജ്ഞത കുറ്റകൃത്യം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന നിയമപാഠം ഇന്ത്യയിലെ കോടതികള്‍ എത്രയോ തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍, നിയമത്തെപ്പറ്റിയുള്ള കൃത്യമായ ധാരണ പൊതുജനങ്ങളിലേക്കെത്തിക്കുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിലേക്കുള്ള ശ്രമങ്ങള്‍ കൂടിയാണ്. ഓരോ പൗരനും ലഹരിയുപയോഗവുമായി ബന്ധപ്പെട്ട ശിക്ഷാനിയമങ്ങള്‍ അറിയേണ്ടതും അത്യാവശ്യമാണ്.

എന്‍ഡിപിഎസ് നിയമം (THE NARCOTIC DRUGS AND PSYCHOTROPIC SUBSTANCES ACT (NDPS ACT 1985) എന്ന നിയമം 1985 നവംബര്‍ 11 -നു രാജ്യത്ത് നടപ്പിലായതോടെ അതുവരെ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഏറെ കാലപ്പഴക്കം ചെന്ന THE OPIUM ACT 1957, THE OPIUM ACT 1878, THE DANGEROUS DRUGS ACT 1930 എന്നീ മൂന്ന് നിയമങ്ങളാണ് അസാധുവായത്.

NDPS ACT 1985 പ്രകാരം NARCOTIC DRUGS എന്നാല്‍ മയക്കുമരുന്ന് എന്നും PSYCHOTROPIC SUBSTANCES എന്നാല്‍ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്ന പദാര്‍ത്ഥം എന്നും നിര്‍വചിക്കപ്പെട്ടു. Opiats (വേദനാസംഹാരികള്‍), Stimulants (ലഹരിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍), Hallucinogens (മതിഭ്രമം ഉണ്ടാക്കുന്നവ), Depressants (മയക്കം ഉണ്ടാക്കുന്നവ) എന്നിവയാണ് PSYCHOTROPIC SUBSTANCES ല്‍ പെടുന്നവ. 2001 -ല്‍ എന്‍ഡിപിഎസ് ആക്ടില്‍ നടത്തിയ ഭേദഗതിയിലൂടെ ഈ രണ്ട് വിഭാഗത്തിലുമുള്‍പ്പെടുന്ന 239 ഉത്പന്നങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം അവയുടെ Small quantity, Intermediate quantity, Commercial quantity എന്നിങ്ങനെ അളവുകള്‍ തരംതിരിച്ച് അനുബന്ധമായി ചേര്‍ത്തിട്ടുമുണ്ട്. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 9, 9(A) പ്രകാരം ഗവണ്‍മെന്റിന് നാര്‍ക്കോട്ടിക്-സൈക്കോട്രോഫിക് ഉത്പന്നങ്ങള്‍ രാജ്യത്ത് നിയമപരമായി അനുവദിക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനുമുള്ള അധികാരം നല്‍കുന്നുണ്ട്. ഇതുപ്രകാരം നാര്‍ക്കോട്ടിക്-സൈക്കോട്രോഫിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും, നിര്‍മ്മാണത്തിലും, വിതരണത്തിലും, വില്‍പ്പനയിലും, കയറ്റുമതി-ഇറക്കുമതിയിലും, ഉത്പന്നങ്ങള്‍ വാങ്ങുന്നതിലും, സൂക്ഷിക്കുന്നതിലും കൃത്യമായ നിബന്ധനകളും നിയന്ത്രണങ്ങളും രാജ്യത്ത് നിലവിലുണ്ട്. പൊതുജന താല്‍പര്യത്തെ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് 10 വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

അതുപോലെ എന്‍ഡിപിഎസ് ആക്ട് -സെക്ഷന്‍ (8) പ്രകാരം മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ചെടികള്‍ വളര്‍ത്തുന്നതും, കൈവശം വെക്കുന്നതും, വില്‍ക്കുന്നതും, വാങ്ങുന്നതും, കടത്തുന്നതും, കഴിക്കുന്നതും, കയറ്റുമതി-ഇറക്കുമതി ചെയ്യുന്നതും രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. ഇങ്ങനെ നിരോധിച്ചിട്ടുള്ള ഒരു പദാര്‍ത്ഥം അറിഞ്ഞുകൊണ്ട് മാറ്റത്തിന് വിധേയമാക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഇങ്ങനെയുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരാളെ സഹായിക്കുകയോ, കുറ്റകൃത്യം മറച്ചുപിടിക്കുകയോ ചെയ്താല്‍ അതും ശിക്ഷലഭിക്കുന്ന കുറ്റമാണ്. ലഹരി വസ്തുക്കള്‍ ഒളിപ്പിക്കുകയോ അതിന്റെ സ്രോതസ്സ്, ലക്ഷണങ്ങള്‍, സ്ഥിതി ചെയ്യുന്ന സ്ഥലം ഇവ മറച്ചുവെക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇതിന് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. തടവ് മൂന്ന് വര്‍ഷത്തില്‍ കുറയാന്‍ പാടില്ല എന്നാണ് നിയമം.

കൊക്കൈന്‍, കഞ്ചാവ്, കറുപ്പ്, മോര്‍ഫിന്‍, ബ്രൗണ്‍ ഷുഗര്‍, മരിജുവാന, ചരസ്, ഹാഷിഷ്, എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയവയാണ് ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരികള്‍. ലഹരി ഉപയോഗ-വിതരണ ശൃംഖല, അതിവേഗം വളരുന്നതിനാല്‍, പുതിയ ലഹരിക്കൂട്ടുകള്‍ അതിവേഗം ലഭ്യമാവുന്നു.

എന്തൊക്കെയാണ് ശിക്ഷകള്‍?

നിയമപ്രകാരം ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വെക്കുന്ന അളവിനനുസരിച്ച് ശിക്ഷകള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് കഞ്ചാവിന്റെ Small Quantity 1 കിലോഗ്രാമാണ്. Intermediate Quantity എന്നത് 1 മുതല്‍ 20 കിലോഗ്രാം വരെയാണ്. 20 കിലോഗ്രാമിന് മുകളിലുള്ളതാണ് Commercial Quantity. എന്നാല്‍ കൊക്കൈന്‍ Small Quantity 2 ഗ്രാമും Commercial Quantity 10 ഗ്രാമുമാണ്. ഈ അളവുകണക്കുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചപ്പോള്‍ പൊതുജനങ്ങളിൽ സംശയമുണ്ടാക്കിയത്.

2014 ല്‍ -വന്ന എന്‍ഡിപിഎസ് ആക്ട് ഭേദഗതിക്ക് ശേഷം ഏത് മയക്കുമരുന്നും Small Quantity യില്‍ കൈവശം വെച്ചാല്‍ ശിക്ഷ 1 വര്‍ഷംവരെ തടവോ, പിഴയോ, രണ്ടുംകൂടിയോ ആകാം. Intermediate Quantity യില്‍ കൈവശം വെച്ചാലുള്ള ശിക്ഷ 10 വര്‍ഷം വരെ കഠിന തടവും 1 ലക്ഷം രൂപവരെ പിഴയുമാണ്. Commercial Quantity ആണെങ്കില്‍ 10 വര്‍ഷത്തില്‍ കുറയാത്തതും 20 വര്‍ഷംവരെ നീളുന്നതുമായ തടവ് ശിക്ഷയും, 1 ലക്ഷം രൂപയില്‍ കുറയാത്തതും 2 ലക്ഷംവരെ വരയെുള്ള പിഴയും ലഭിക്കും. എന്നാല്‍ മതിയായ കാരണം കണ്ടെത്തുന്ന പക്ഷം 2 ലക്ഷത്തിലേറെ പിഴ ഈടാക്കാനും കോടതിക്ക് അധികാരമുണ്ട്.

കേസെടുക്കാന്‍ ആര്‍ക്കാണ് അധികാരം?

എന്‍ഡിപിഎസ് ആക്ട് – സെക്ഷന്‍ 53(1), 53 (2) വകുപ്പുകള്‍ പ്രകാരം കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റോ വിജ്ഞാപനത്തിലൂടെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഹരിയുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ അധികാരമുള്ളൂ. കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ്, നാര്‍ക്കോട്ടിക്‌സ്, റവന്യൂ ഇന്റലിജന്‍സ്, പാരാമിലിട്ടറി ഫോഴ്‌സ്, ആംഡ് ഫോഴ്‌സ് എന്നിവര്‍ക്കാണ് കേസെടുക്കാന്‍ അധികാരം. സംസ്ഥാന ഗവണ്‍മെന്റ് അധികാരം നല്‍കിയിരിക്കുന്നത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും, ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും കേസ് എടുക്കാം.

എന്‍ഡിപിഎസ് ആക്ട് -സെക്ഷന്‍ (20) പ്രകാരം കഞ്ചാവ്, ചരസ് എന്നിവ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന Cannabis ചെടി ഈ ആക്ടിനോ റൂളിനോ വിരുദ്ധമായി കൃഷിചെയ്യുകയോ ലഹരി രൂപത്തില്‍ കൈവശം വെക്കുകയോ, വില്‍ക്കുകയോ, വാങ്ങുകയോ, കടത്തുകയോ, കയറ്റുമതി-ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതും കുറ്റകരമാണ്. കൃഷി ചെയ്താല്‍ 10 വര്‍ഷംവരെ കഠിന തടവും 1 ലക്ഷം രൂപയോളം പിഴയുമാണ് ശിക്ഷ. മയക്കുമരുന്ന് കൈവശം വെക്കുന്നതിനുള്ള ശിക്ഷ അളവിനനുസരിച്ച് വ്യത്യാസപ്പെടും, എന്നാല്‍ കൃഷിയുടെ കാര്യത്തില്‍ അളവ് പരിമിതപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന് കഞ്ചാവ് കൃഷി ഒരു ഏക്കറിലോ ഒരു സെന്റിലോ ഒരു ചെടി ചട്ടിയിലോ എന്ന അടിസ്ഥാനത്തിലല്ല പിടിക്കപ്പെട്ടാല്‍, ശിക്ഷ വിധിക്കുന്നത്. ഒരു ചെടി നട്ടു വളര്‍ത്തിയാലും പരമാവധി ശിക്ഷ ലഭിക്കാം.

എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതും വിലയും ലഹരിയും കൂടിയതുമായ ഹൈബ്രിഡ് കഞ്ചാവിന് കേരളത്തിലും ആവശ്യക്കാര്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഡ്രോപോണിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണില്ലാതെ പോഷക ലായിനികളില്‍ വളര്‍ത്തിയെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന് വീര്യം കൂടുതലാണ്. ഇവ കേരളത്തില്‍ നിര്‍മ്മിക്കുന്നുണ്ടോ എന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ഇറക്കുമതി ചെയ്യുന്നത് എന്നാണ് പൊലീസ് പറയുന്നത്. എന്‍ഡിപിഎസ് ആക്ട് -സെക്ഷന്‍ 12 പ്രകാരം ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് എത്തിക്കുന്ന മയക്കുമരുന്നോ സൈക്കോട്രോഫിക് സബ്സ്റ്റന്‍സോ നിയമപരമായി ഇന്ത്യക്ക് അകത്ത് കച്ചവടം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, 10 -20 വര്‍ഷം തടവും 1 -2 ലക്ഷം വരെ പിഴയും ലഭിക്കും.

അതുപോലെ എന്‍ഡിപിഎസ് ആക്ട് -സെക്ഷന്‍ 25 പ്രകാരം ഒരാളുടെ ഉടമസ്ഥതയിലോ, കൈവശത്തിലോ, നിയന്ത്രണത്തിലോ ഉള്ള വീടോ, മുറിയോ, സ്ഥലമോ, വാഹനമോ എന്‍ഡിപിഎസ് പ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യം നടത്തുന്നതിന് നേരിട്ടോ മറ്റൊരാള്‍ മുഖാന്തരമോ വിട്ടുകൊടുക്കുന്നതും ശിക്ഷാര്‍ഹമാണ്. ഏത് നിയമമാണോ ലംഘിക്കപ്പെടുന്നത് അതേ വകുപ്പ് തന്നെ ഈ ഉടമസ്ഥന്റെ മേലിലും ചുമത്തപ്പെടും. ഈയിടെ ഫ്‌ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ പിടിച്ച കേസില്‍ സ്ഥലത്ത് ഇല്ലാതിരുന്ന ഫ്‌ലാറ്റുടമയായ മറ്റൊരു സംവിധായകനെയും ചോദ്യം ചെയ്യാനിരിക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

എന്‍ഡിപിഎസ് ആക്ട് – സെക്ഷന്‍ 29 പ്രകാരം ഒരു വ്യക്തി ഈ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയോ, ഗൂഢാലോചനയില്‍ അറിഞ്ഞുകൊണ്ട് പങ്കാളിയാവുയോ ചെയ്താല്‍ കുറ്റകൃത്യം നടന്നാലും ഇല്ലെങ്കിലും ശിക്ഷയ്ക്ക് അര്‍ഹനാണ്. ഈയിടെ പ്രമുഖ നടനെ അറസ്റ്റ് ചെയ്തത് ഈ വകുപ്പിന്റെ അടിസ്ഥാനത്തില്‍ ആണ്.

വേണ്ടത് സമഗ്രപരിഹാരങ്ങള്‍

കേരളത്തില്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്ന കൊലപാതകങ്ങള്‍ക്കും മറ്റ് അതിക്രമങ്ങള്‍ക്കും ലഹരി ഉപയോഗം ഒരു കാരണമാണെന്നാണ് പൊലീസ് നിഗമനം. ഒരു കാലത്ത് ലഹരി മരുന്ന് ഉപയോഗവും ലഭ്യതയും നിയന്ത്രിതമായിരുന്നെങ്കില്‍ ഇന്നത് സര്‍വ്വവ്യാപിയാണ്. പല സാഹചര്യങ്ങള്‍ കൊണ്ടും ധാരാളം പേര്‍ ലഹരിക്ക് അടിമപ്പെടുകയും ഇടനിലക്കാരാവുകയും ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണ് എന്നതിലും സംശയമുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഡീ അഡിക്ഷന്‍ സെന്ററുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചത് ഇപ്പോഴാണ്. അതോടൊപ്പം അശാസ്ത്രീയ ലഹരി മുക്തി സെന്ററുകളുടെ പ്രവര്‍ത്തനങ്ങളിലേക്കും ഗവണ്മെന്റ് അടിയന്ത ശ്രദ്ധ തിരിക്കേണ്ടതുണ്ട്. നമ്മുടെ നഗരങ്ങളില്‍ അങ്ങിങ്ങായി കാണുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡീ അഡിക്ഷന്‍ സെന്ററുകളുടെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സൂചിപ്പിക്കുന്ന് കേരളത്തില്‍ ഫുള്‍ജാര്‍സോഡ തരംഗം പോലെ ഇത്തരം ഡീ അഡിക്ഷന്‍ സെന്ററുകള്‍ വരാനിരിക്കുന്നുവെന്നാണ്. ഇത്തരം സ്ഥാപനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

നിലവില്‍ നടക്കുന്ന സെലിബ്രിറ്റി അറസ്റ്റും ബഹളങ്ങളും ചില യാഥാര്‍ഥ്യങ്ങള്‍ക്ക് മേല്‍ പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ലഹരിക്കെതിരെയുള്ള പൊലീസിന്റെയും പൊതുജനങ്ങളുടെയും പോരാട്ടങ്ങളെ ഹൈജാക്ക് ചെയ്യുന്ന ഉപരിപ്ലവമായ കാട്ടിക്കൂട്ടലുകള്‍ക്ക് അപ്പുറം ജാഗ്രത്തായി നില്‍ക്കുന്ന ഒരു സാമൂഹികവസ്ഥയില്‍ മാത്രമേ ലഹരി വിരുദ്ധ സമരങ്ങള്‍ സമഗ്രമാവൂ. അതിനായി ഗവണ്മെന്റ് ഇനിയും വലിയ പദ്ധതികള്‍ രൂപവത്കരിക്കേണ്ടതുണ്ട്. പൊതുസമൂഹ ഇടപെടലുകളും മാധ്യമ -സമൂഹ മാധ്യമ ഇടപെടലുകളും കൂടുതല്‍ പ്രഫഷണല്‍ ആകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *