Your Image Description Your Image Description

സിനിമയുടെ ലാഭ നഷ്ടക്കണക്കുകൾ എല്ലാ മാസവും പുറത്തുവിടുന്ന പ്രവണത മലയാള സിനിമയുടെ നാശത്തിനു തന്നെ കാരണമാകുമെന്ന നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ അഭിപ്രായത്തിന് പിന്തുണയുമായി നടൻ ബാബുരാജ്. സന്തോഷ് ടി. കുരുവിള കഴിഞ്ഞദിവസം എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവച്ചാണ് ഈ വിഷയത്തിൽ ബാബുരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസാവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല എന്നാണ് സന്തോഷ് ടി. കുരുവിള സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇത്തരം പ്രവൃത്തികൾ ബന്ധപ്പെട്ടവർ ഉടൻ അവസാനിപ്പിക്കണം. ഈ കണക്കുവിടൽ കലാപരിപാടികൾക്കെതിരെ ആദ്യം രംഗത്തെത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ്. പിന്നീട് തൊഴിലാളി സംഘടനകൾ , സർക്കാർ ഒക്കെയാണെന്നും സന്തോഷ് ടി. കുരുവിള അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ചാണിപ്പോൾ ബാബുരാജ് രം​ഗത്തെത്തിയത്.

താൻ സന്തോഷ് ടി. കുരുവിളയെ പിന്തുണയ്ക്കുന്നു എന്നാണ് ബാബുരാജ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. നിർമാതാവിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് ബാബുരാജ് അദ്ദേഹത്തിനുള്ള തന്റെ പിന്തുണ അറിയിച്ചത്.

വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമാണം നിലയ്ക്കുക തന്നെ ചെയ്യും. ഒരു കാര്യം സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവും. എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും. സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്. എല്ലാവർക്കും അത് സാധ്യവുമല്ല. കേവലമായ ലാഭത്തിൻ്റെ ഭാഷ മാത്രമല്ല അത്, അതൊരു പാഷനാണ്. മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും. ചിലർ വിജയിച്ചു നിൽക്കുമ്പോൾതന്നെ രംഗം വിടും. അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ” വിഷൻ ” അനുസരിച്ചാവും.

ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട്. അത് അറിയാതെ പോവരുത്. പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും. പാമ്പാട്ടികൾ കരയേണ്ടതില്ലെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.. ചില്ലുമേടയിൽ ഇരുന്ന കല്ലെറിയരുതെന്ന ഹാഷ്ടാ​ഗോടെയാണ് സന്തോഷ് ടി. കുരുവിള പോസ്റ്റ് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *