Your Image Description Your Image Description

കുറച്ച് നാളുകളായി നടൻ ജയറാം മലയാളത്തിൽ അത്ര സജീവമല്ല. എന്നാൽ തമിഴിലും മറ്റു ഭാഷാ ചിത്രങ്ങളിലും നടൻ സജീവമാണ്. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ ‘അബ്രഹാം ഓസ്‍ലർ’ എന്ന സിനിമയ്ക്ക് ശേഷം നടന്റെതായി ഒരു സിനിമയും മലയാളത്തില്‍ റിലീസ് ചെയ്തിട്ടില്ല.

അന്യഭാഷകളിൽ ചെന്ന് പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളാണ് ജയറാം ചെയ്യുന്നതെന്ന വിമർശനങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ജയറാം.

മറ്റു ഭാഷകളിൽ തന്നെ അവർ വിളിക്കുന്നതും ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതും മലയാള സിനിമയോടുള്ള സ്നേഹം കൊണ്ടാണെന്ന് ജയറാം പറഞ്ഞു. പണ്ട് തന്നെ അമ്പല പറമ്പിൽ ചെണ്ട കൊട്ടുന്നതിന് വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ അത് നാഷണൽ അവാർഡ് കിട്ടുന്നതിന് തുല്യമായ സന്തോഷമാണ് തനിക്ക് തരുന്നതെന്നും ജയറാം പറഞ്ഞു.

ജയറാമിന്റെ വാക്കുകൾ…

എന്റെ അടുത്ത് ചില ആളുകൾ ചോദിക്കാറുണ്ട് എന്തിനാണ് മറ്റു ഭാഷകളിൽ പോയി ചെറിയ വേഷങ്ങൾ അഭിനയിക്കുന്നതെന്ന്. ഞാൻ അപ്പോൾ അവരോട് പറയുന്നത് നമ്മളെ മറ്റു ഭാഷയിൽ അവർ വിളിക്കുന്നതും ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതും ഒക്കെ ഭാഷ ഏതായാലും അവർ മലയാളത്തിന് നൽകുന്ന സ്നേഹമാണെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ എനിക്ക് നൽകുന്ന സ്നേഹമല്ല. തെലുങ്കിലും കന്നഡയിലും എല്ലാം അവർ എനിക്ക് തരുന്ന സ്നേഹം മലയാള സിനിമയ്ക്ക് നൽകുന്ന സ്നേഹമാണ്. ഞാൻ എല്ലാവരോടും പറയാറുണ്ട് നമ്മൾ ചെറിയ ജോലി ചെയ്താലും വലുത് ചെയ്താലും അത് നമ്മൾ എൻജോയ്‌ ചെയ്യണം. എന്നോട് വർഷങ്ങൾക്ക് മുൻപേ ആളുകൾ ചോദിച്ചിരുന്ന മറ്റൊരു ചോദ്യം ഈ അമ്പല പറമ്പിൽ ചെണ്ട കൊട്ടാൻ പോകുന്നതിനെക്കുറിച്ചാണ്. അതിൽ ഞാൻ കണ്ടെത്തുന്ന സന്തോഷം ഒരു നാഷണൽ അവാർഡ് ലഭിക്കുന്നത് പോലെയാണ്, ജയറാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *