Your Image Description Your Image Description
Your Image Alt Text

ഊബര്‍ നിരക്ക് കൂടുതലാണെന്നും തോന്നുംപോലെയാണെന്നുമുള്ള പരാതി പലര്‍ക്കുമുണ്ട്.  ഇതിനൊരു പരിഹാരവുമായി ഊബര്‍ ഫെക്സ് എന്ന വില നിര്‍ണയ ഓപ്ഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യയിലെ പന്ത്രണ്ടലധികം നഗരങ്ങളില്‍ പരീക്ഷണം തുടങ്ങി. ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യ പ്രകാരം യാത്രാ നിരക്ക് തെരഞ്ഞെടുക്കാൻ കഴിയും എന്നതാണ് പ്രത്യേകത.

ഊബറിന്‍റെ ഇപ്പോഴത്തെ നിരക്ക് നിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമാണ് ഊബര്‍ ഫ്ലെക്സ്.  ഡിമാന്‍ഡ് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന നിരക്കുകള്‍ക്ക് പകരം ഒന്‍പത് നിശ്ചിത വിലനിർണയ പോയിന്റുകൾ ഊബര്‍ ഫ്ലെക്സ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ നിന്നും ഒരു നിരക്ക് ഉപയോക്താവിന് തെരഞ്ഞെടുക്കാം. അത് സമീപത്തെ ഊബര്‍ ഡ്രൈവർമാരുമായി പങ്കിടും, യാത്രാനിരക്കിനെ അടിസ്ഥാനമാക്കി ഡ്രൈവര്‍മാര്‍ക്ക് യാത്ര സ്വീകരിക്കുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാം. ഇതോടെ ഉപയോക്താക്കള്‍ക്ക് സ്വന്തം ബജറ്റിന് അനുയോജ്യമായ നിരക്കും ഡ്രൈവർമാർക്ക് അവരെ സംബന്ധിച്ച് ലാഭകരമായ റെഡും തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നുവെന്നാണ് ഊബറിന്‍റെ അവകാശവാദം.

കോയമ്പത്തൂർ,  ഡെറാഡൂൺ, ഔറംഗബാദ്, അജ്മീർ, ബറേലി, ചണ്ഡീഗഡ്, ഗ്വാളിയോർ, ഇൻഡോർ, ജോധ്പൂർ, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ പരീക്ഷണം തുടങ്ങിയെന്ന് ഊബര്‍ അധികൃതര്‍ പറഞ്ഞതായി ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും പരീക്ഷിക്കും. യാത്രാ നിരക്കില്‍ കൂടുതല്‍ നിയന്ത്രണം ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രത്യേകത. ലെബനൻ, കെനിയ, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഇടങ്ങളിലും ഊബര്‍ ഈ പരീക്ഷണം നടത്തുന്നുണ്ട്.

ഊബറിന്‍റെ എതിരാളികളില്‍ ഒരാളായ ഇന്‍ഡ്രൈവ് ഇതിനകം സമാനമായ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. നിരക്ക് നിശ്ചയിക്കാന്‍  യാത്രക്കാരെ പൂര്‍ണമായി സ്വതന്ത്രമായി വിടാതെ, മിനിമം നിരക്ക് ഉള്‍പ്പെടെ കുറേ ഓപ്ഷനുകള്‍ യാത്രക്കാരുടെ മുന്‍പില്‍ വെയ്ക്കുക എന്നതാണ് ഊബറിന്‍റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *