Your Image Description Your Image Description

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. വാദങ്ങളെല്ലാം കോടതി ശരിവെച്ചു.

കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ കോടതി നേരത്തെ വിധിച്ചിരുന്നു. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിയുന്നത്.

രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് തുഷാരയുടെ ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതക ത്തിന്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *