Your Image Description Your Image Description

ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് പഹൽഗാമിലെ ഭീകരാക്രമണത്തിന് കാരണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞിരിക്കുന്നത് രാജ്യദ്രോഹമാണ്. 2019 ലാണ് നരേന്ദ്ര മോദി സർക്കാർ അത്യന്തം വിവേചനപരമായ ഈ വിവാദ വകുപ്പ് എടുത്തു കളഞ്ഞത്. സുപ്രീംകോടതിയും ഇത് ശരിവച്ചതാണ്. ഈ വകുപ്പ് പ്രാബല്യത്തിലിരുന്നപ്പോൾ കശ്മീരിൽ ഭീകരാക്രമണം നിത്യസംഭവമായിരുന്നു. ഈ വകുപ്പ് നീക്കം ചെയ്ത ശേഷം ആറുവർഷത്തോളം കശ്മീർ ശാന്തമാവുകയും, വികസനത്തിന്റെ പാതയിലേക്ക് വരികയും ചെയ്തു. ബഹുഭൂരിപക്ഷം കശ്മീരികളും ഇതിൽ സംതൃപ്തരായിരുന്നു. ഈ സത്യം കാണാതെയാണ് കശ്മീരിനെ ഭാരതത്തിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്ന പാകിസ്ഥാന്റെയും ഭീകരവാദികളുടെയും ഭാഷയിൽ എം.എ. ബേബിയെപ്പോലുള്ളവർ സംസാരിക്കുന്നത്. കശ്മീരിൽ കൊലചെയ്യപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചെങ്കിലും പഹൽഗാം കൂട്ടക്കൊലയെ ശക്തമായി അപലപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവാത്തും കാണേണ്ടതുണ്ട്. പഹൽഗാമിലെ ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനയാണോ ഭാരതത്തിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും, അതിനു മുൻപ് ആരുടെയെങ്കിലും തലയിൽ കെട്ടിവയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. ഇതേ ലഷ്‌കർ ഭീകരർ മുംബൈ ആക്രമിച്ചപ്പോൾ അതിനു പിന്നിൽ ഹിന്ദു തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. പുൽവാമയിൽ ഭാരത സൈനികരെ പാക് ഭീകരർ കൂട്ടക്കൊല ചെയ്തപ്പോഴും അത് മോദി സർക്കാർ ആസൂത്രണം ചെയ്തതാണെന്ന് പറയാൻ മടിക്കാത്ത രാജ്യദ്രോഹികൾ കോൺഗ്രസിലുണ്ട്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നയാളാണ് താനെന്ന് സതീശനും തെളിയിച്ചിരിക്കുകയാണ്. സംഭവിച്ചത് സംഭവിച്ചു, ഇനി ഭിന്നിപ്പില്ലാതെ നോക്കണമെന്നാണ് സതീശന്റെ സാരോപദേശം. പഹൽഗാമിലെ കൂട്ടക്കുരുതി വെറുതെയങ്ങ് സംഭവിക്കുകയായിരുന്നില്ല. അതിനു പിന്നിൽ പാകിസ്ഥാനും, അവർ തീറ്റിപ്പോറ്റുന്ന മതഭീകരവാദികളുമാണ്. ഇക്കൂട്ടരെ കണ്ടെത്തി ശിക്ഷിക്കേണ്ട എന്നാണോ സതീശന്റെയും കോൺഗ്രസിന്റെയും അഭിപ്രായം? കോൺഗ്രസിൽ രാജ്യസ്‌നേഹികൾ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവർക്കും ഈ അഭിപ്രായമാണോ?പഹൽഗാം കൂട്ടക്കൊലയിൽ സർക്കാരിനൊപ്പം നിൽക്കുകയാണെന്ന് പറയുന്ന കോൺഗ്രസിന്റെ വാക്കുകൾക്ക് എന്ത് ആത്മാർത്ഥതയാണുള്ളത്? മുസ്ലിം വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ദേശവിരുദ്ധമായി ചിന്തിക്കുകയും, അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കണം. ജനങ്ങൾക്ക് മുൻപിൽ അവരെ തുറന്നു കാട്ടണം.

Leave a Reply

Your email address will not be published. Required fields are marked *