Your Image Description Your Image Description

ഹണ്ടർ 350യുടെ 2025 പതിപ്പ് പുറത്തിറക്കി റോയൽ എൻഫീൽഡ്. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി വാഹനത്തെ എൻഫീൽഡ് പരിഷ്ക്കരിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും പുത്തൻ ഹണ്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചു. ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത് പിൻ സസ്പെൻഷനിലാണ്. ലീനിയർ സ്പ്രിങ്ങിൽനിന്ന് പ്രോഗ്രസ്സീവ് സ്പ്രിങ്ങിലേക്ക് ഇത് മാറ്റിയിരിക്കുന്നു. പഴയ അതേ രൂപമാണെങ്കിലും, സുഖപ്രദമായ യാത്രയ്ക്കായി കൂടുതൽ ഫോം ഉൾപ്പെടുത്തി നിർമിച്ച സീറ്റാണ് മറ്റൊരു പ്രത്യേകത. എല്ലാ വേരിയന്റുകളിലും സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് നൽകിയെന്നത് പുതിയ വരവിലെ പ്രധാന കൂട്ടിച്ചേർക്കലാണ്. പുതിയ ഹണ്ടറിൽ, ഹെഡ്‌ലാമ്പ് എൽഇഡി ആയിട്ടുണ്ട്. മുൻപ് ഇത് ഹാലോജൻ ആയിരുന്നു. ഡിജി-അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന വേരിയന്റുകളിൽ ടൈപ്പ്-സി ചാർജറും ലഭിക്കും. റിയോ വൈറ്റ്, ടോക്കിയോ ബ്ലാക്ക്, ലണ്ടൻ റെഡ് എന്നീ പുതിയ മൂന്ന് നിറങ്ങളിലും 2025 ഹണ്ടർ സ്വന്തമാക്കാം. മുൻപണ്ടായിരുന്ന റെബൽ ബ്ലൂ, ഡാപ്പർ ഗ്രേ, ഫാക്ടറി ബ്ലാക്ക് എന്നീ നിറങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്. ബേസ്, മിഡ്, ടോപ്പ് എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. വാഹനത്തിൻ്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 349 സിസി എയർ-കൂൾഡ് ജെ-സീരീസ് എൻജിൻ തന്നെയാണുള്ളത്. ഇത് 20.2 എച്ച്പി കരുത്തും 27 എൻഎം ടോർക്കും നൽകുന്നു. 5-സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. ട്വിൻ ഡൗൺട്യൂബ് സ്പൈൻ ഫ്രെയിമിലാണ് ഹണ്ടർ നിർമിച്ചിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ 6-സ്റ്റെപ്പ് അഡ്ജസ്റ്റബിൾ പ്രീലോഡ് ഉള്ള ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 160 എംഎം ഗ്രൗണ്ട് ക്ലിയറൻസും 1370 എംഎം വീൽബേസുമാണുള്ളത്. 790 എംഎം ആണ് സീറ്റ് ഹൈറ്റ്. 181 കി.​ഗ്രാം കെർബ് വെയിറ്റും 13 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും ഉണ്ട്. ഡ്യുവൽ-ചാനൽ എബിഎസ്, ട്വിൻ-പിസ്റ്റൺ ഫ്ലോട്ടിങ്ങ് കാലിപ്പറോടുകൂടിയ 300എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, സിംഗിൾ-പിസ്റ്റൺ ഫ്ലോട്ടിങ്ങ് കാലിപ്പറോടുകൂടിയ 270 എംഎം റിയർ ഡിസ്ക് എന്നിവയാണ് ബ്രേക്കിങ്ങ് കാര്യക്ഷമമാക്കുന്നത്. ഹണ്ടർ 350-യുടെ അടിസ്ഥാന വേരിയന്റിന് 1.50 ലക്ഷം രൂപയും മിഡ്-സ്പെക്ക് വേരിയന്റിന് 1.77 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 1.82 ലക്ഷം രൂപയുമാണ് വില (എക്സ് ഷോറൂം). അടിസ്ഥാന വേരിയന്റിന്റെ വില പഴയതുപോലെ തുടരുമ്പോൾ, മുൻ മോഡലിനെ അപേക്ഷിച്ച് ടോപ്പ് വേരിയന്റിന് 5,000 രൂപയുടെ വർധനവുണ്ട്. ഹോണ്ട സിബി 350 ആർഎസ്, ജാവ 42 തുടങ്ങിയ മോഡലുകളാണ് ഹണ്ടർ 350-യുടെ പ്രധാന എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *