Your Image Description Your Image Description

മുനമ്പത്ത് ശാശ്വത പരിഹാരത്തിന് ഇനി മാസങ്ങൾ മാത്രം എന്ന തലക്കെട്ടിൽ ഫാദർ ജോഷി മയ്യാറ്റിൻ പേരുവച്ച് പുറത്തിറങ്ങിയിരിക്കുന്ന ഒരു ഇടയന്റെ ലേഖനം കാണാനിടയായി . ദിവസങ്ങൾക്കു മുമ്പ് ഈ ജോഷി മയ്യാറ്റിനച്ഛൻ മുനമ്പം വിഷയത്തിൽ എടുത്ത നിലപാടുകളെ വിമർശിച്ചുകൊണ്ട് ഞങ്ങൾ ഒരു വാർത്ത പുറത്തുവിട്ടിരുന്നു .

ജോഷി അച്ഛന്റെ പേര് വച്ച് ഇറക്കിയിരിക്കുന്ന ഈ കുറിപ്പ് അദ്ദേഹം തന്നെ തയ്യാറാക്കി പുറത്തുവിട്ടതാണോ എന്നറിയില്ല. അതല്ല മറ്റാരെങ്കിലും അദ്ദേഹത്തിന്റെ പേര് വെച്ച് പുറത്തിറക്കിയിരിക്കുന്നതാണെങ്കിൽ അതിന്റെ പേരിൽ നിയമ നടപടിക്ക് പോകണമെന്നാണ് ജോഷി അച്ഛനോട് എനിക്ക് പറയാനുള്ളത്.

അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നും വസ്തുതാപരമായി നിലനിൽക്കുന്നതല്ല.
പുതിയ നിയമ ഭേദഗതി കൊണ്ട് മുനമ്പംകാർക്ക് ഒരു പ്രയോജനവും ഉടനെ കിട്ടില്ലന്നാണ് ഞങ്ങൾ അന്ന് പറഞ്ഞിരുന്നത്. ഭാഗികമായി ഞങ്ങളുടെ വാദഗതികളെ അനുകൂലിക്കുന്ന രീതിയിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ അച്ഛന്റെ പുറത്തുവന്നിട്ടുള്ളത്.

ഇനി കോടതികളിൽ കയറിയിറങ്ങി നടന്നാൽ മുനമ്പംകാർക്ക് നീതി കിട്ടും. സത്യത്തിൽ നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരുതരം ഇരന്ന് തിന്നാൻ വഴി പറഞ്ഞു കൊടുക്കുന്നതുപോലെയായിപ്പോയി. കോടതികളിൽ കയറിയിറങ്ങി വർഷങ്ങൾ കഴിഞ്ഞ് ശാശ്വത പരിഹാരം നേടാനാണെങ്കിൽ നിങ്ങളെയൊക്കെ വിശ്വസിച്ച ഈ സമരപരിപാടികൾക്ക് ഇറങ്ങിപ്പുറപ്പെടേണ്ട കാര്യം ആ പാവങ്ങൾക്കില്ലായിരുന്നു.
ജോഷി അച്ഛൻ ഇനിയും മനസ്സിലാക്കാത്ത ചില കാര്യങ്ങളുണ്ട്.

“സ്വന്തം ജീവിതത്തിൽ സ്വയം അനുഭവിക്കുന്ന നിമിഷം വരെ
എല്ലാ അവസ്ഥകളും എല്ലാവർക്കും വളരെ നിസാരമാണ്”.

മുനമ്പം നിവാസികളുടെ അനുഭവങ്ങൾ അവർക്ക് മാത്രം സ്വന്തമാണ്. കരയ്ക്കിരുന്ന് അഭിപ്രായം പറയുന്ന എനിക്കും മയ്യാട്ടിനച്ഛനും ഇതൊക്കെ വളരെ നിസ്സാര കാര്യമാണ്. അപ്പോൾ പിന്നെ ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയക്കാരുടെ കാര്യം പറയുവാനുമില്ല ,

ആർക്കുവേണ്ടിയായിരുന്നു ജോഷി അച്ഛൻ ഈ പെടാപാട് പ്പെട്ടത് ? ആരെ സംരഷിക്കുവാനാണ് ? ആരെ വിശുദ്ധനാക്കുവാനാണ് ? ആരായാലും അയാളടക്കം മുഴുവൻ പേരും അച്ഛനെ മാത്രമല്ല മുനമ്പം കാരേയും ചതിക്കുകയായിരുന്നു. അച്ഛനുമായി ഇടപെട്ട ആൾക്ക് ഈ വിഷയം തീരണമെന്ന് യാതൊരു ആത്മാർത്ഥതയും ഇല്ലായിരുന്നു.

ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് പോസ് ചെയ്ത് മാധ്യമങ്ങളിൽ കളർ ഫോട്ടോ അച്ചടിച്ച് വരണം, അത്രയേയുള്ളൂ അയാളുടെ ലക്‌ഷ്യം . അങ്ങനെയുള്ളവനെ കൂട്ടുപിടിച്ച് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് ആ പാവങ്ങളെ പറഞ്ഞു ബോധിപ്പിച്ചത് തെറ്റായിപ്പോയി.

ബഹുമാനപ്പെട്ട ജോഷി അച്ഛൻ ഇപ്പോഴും പറയുന്നത് ചട്ടം രൂപീകരിക്കുമ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ്. നിയമത്തിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ എങ്ങനെ ചട്ടത്തിന്റെ പരിധിയിൽ വരുത്താൻ പറ്റുമച്ചോ ?

ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് വളരെ ലളിതമാണ്. നിങ്ങളെല്ലാവരും ആത്മാർത്ഥമായി അവരുടെ കൂടെ നിന്നിരുന്നുവെങ്കിൽ അവർ പ്രശ്നങ്ങൾക്കു ഒക്കെ ശാശ്വതമായ പരിഹാരം ഉണ്ടാക്കിയേനെ.

പകരം പരസ്യമായി ബിജെപിയെ പുകഴ്ത്തി അവരുടെ കൂടെ കൂടുകയും രഹസ്യമായി അരമനകളിലും പള്ളിമേടകളിലും ഇരുന്ന് ബിജെപിയെ കുറ്റം പറയുകയും ചെയ്യുക. അവർ വിചാരിച്ചാൽ ഒന്നും നടക്കുകയില്ലന്നും പിണറായി വിജയൻ വിചാരിച്ചാൽ മാത്രമാണ് ഇനി വല്ലതും നടക്കുകയുള്ളൂവെന്നും പറയുന്ന അരമന രഹസ്യങ്ങൾ അങ്ങാടിയിൽ പാട്ടാണ്.

യഥാർത്ഥത്തിൽ മുനമ്പത്ത് ഇത്ര വ്യാപകമായ ഒരു സമരപരിപാടി ആസൂത്രണം ചെയ്തപ്പോൾ , അതിനെ പറ്റി പഠിക്കാൻ പിണറായി വിജയൻ ഒരു ഘടകകക്ഷി നേതാനെ മുനമ്പത്തേക്ക് അയച്ചു. അയാളുമായി മുഖ്യമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായി സി എൻ രാമചന്ദ്രൻ കമ്മീഷനെ നിയോഗിച്ചു.

സി എൻ രാമചന്ദ്രൻ കമ്മീഷനെ തുടരാൻ അനുവദിച്ചത് വഴി ഹൈക്കോടതിയും , അത് പഠിച്ച് സാധുക്കളായ മനുഷ്യർക്കെന്തെങ്കിലും പ്രയോജനം ലഭിക്കുമെങ്കിൽ ലഭിക്കട്ടെയെന്ന് തന്നെയാണ് കരുതിയിരിക്കുന്നത്.
ഇനി നടക്കാൻ പോകുന്നത് ,സിഎൻ രാമചന്ദ്രൻ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കേരള സർക്കാർ നിസാർ കമ്മീഷൻ റിപ്പോർട്ടിനെ അസ്ഥിരപ്പെടുത്തി മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അധികാരം തിരിച്ചു കൊടുക്കാവുന്ന സാഹചര്യമാണ് സൃഷ്ടിക്കാൻ പോകുന്നത്.

പിണറായി വിജയന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഒരു കാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നതു തന്നെയാണ്. ഇവിടെ അടിസ്ഥാനപരമായി ആർക്കെല്ലാം തെറ്റുപറ്റിയെന്ന് വിശകലനം ചെയ്യേണ്ട സമയമല്ല. എല്ലാവരെയും ചേർത്ത് നിർത്തി ആ പാവങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുക എന്നുള്ളതാണ് എല്ലാരും ചെയ്യേണ്ടത്.

ജോഷി അച്ഛന്റെ കുറുപ്പിൽ കാണുന്നതുപോലെ കുറെ പേരെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
ഏതായാലും ഒരു കാര്യം കൃത്യമാണ്. അത് ഒരു വഖഫ് ഭൂമി അല്ല. ഫറൂഖ് കോളേജിന്റെ ഉപയോഗത്തിന് വേണ്ടി എഴുതി കൊടുത്ത ഭൂമിയാണ്. ഫാറൂഖ് കോളേജിനെ മുനമ്പത്ത് ഭൂമി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ അത് വിറ്റ് കിട്ടിയ പണം കൊണ്ട് കോളേജിന് അടുത്ത് തന്നെ പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

എന്നുവച്ചാൽ മുനമ്പം ഭൂമി അവർ ഉപയോഗിച്ചു കഴിഞ്ഞു. അങ്ങനെ വരുമ്പോൾ ഫറൂഖ് കോളേജിന് ആവശ്യമില്ലായെങ്കിൽ തിരിച്ചു കൊടുക്കണം എന്ന വാദഗതി ദുർബലപ്പെടും.
അവർക്ക് ആവശ്യമുണ്ടായിരുന്നു, അവരത് വിറ്റ് കാശാക്കി, പുതിയ സ്ഥലം വാങ്ങി കെട്ടിടം പണിത് ഉപയോഗിച്ചു.

ഒരിടത്തും ഈ ഭൂമിയിൽ കെട്ടിടം പണിത് കോളേജ് ആയി ഉപയോഗിക്കണമെന്ന് പറഞ്ഞിട്ടില്ല. ആ നിലയിൽ ഫറൂഖ് കോളേജ് അന്ന് ചെയ്ത കാര്യങ്ങൾ നിയമപരമായി ശരി തന്നെയാണ്. 2008 ൽ അച്യുതാനന്ദൻ മന്ത്രിസഭ നിയമിച്ച നിസാർ കമ്മീഷൻ ആണ് ഇത് മുഴുവൻ അട്ടിമറിച്ചത്.

ഒരു കമ്മീഷൻ റിപ്പോർട്ടിന് മറ്റൊരു കമ്മീഷൻ റിപ്പോർട്ട് കൊണ്ട് മാത്രമേ മറികടക്കാൻ സാധിക്കുകയുള്ളൂ. അതാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ജോഷി മയ്യാറ്റിൻ അച്ഛനോട് പറയാനുള്ളത് , ദയവായി ആ പാവങ്ങളെ ഇനിയും കളിയാക്കരുത്.

അച്ഛൻ ആർക്കുവേണ്ടി നിന്നുവോ അയാളൊക്കെ മൂട്ടിലെ പൊടിയും തട്ടി അടുത്ത വണ്ടി കയറി പോയി. അയാളുടെ ആവശ്യം തീർന്നു. സഭയുംമായി അയാൾക്ക് അടുത്ത ബന്ധമാണുള്ളതന്ന് അയാളുടെ പാർട്ടിയെ ബോധിപ്പിക്കേണ്ട ആവശ്യം മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ. അതുവഴി പാർട്ടിയിൽ ഒരു അധികാരസ്ഥാനം പിടിച്ചു വാങ്ങുകയും ചെയ്യാം.

അയാളുടെ ആവശ്യങ്ങൾ കഴിഞ്ഞു. ആ സ്ഥിതിക്ക് അയാൾ ഇനി തിരിഞ്ഞു നോക്കാനുള്ള സാധ്യത കുറവാണ്. മന്ത്രി കിരൺ റിജു പറഞ്ഞത് തന്നെയാണ് ശരി. ഇനി എല്ലാം കോടതി നോക്കിക്കോളും.
കുമ്മനം രാജശേഖരനും രാജീവ് ചന്ദ്രശേഖരനും മന്ത്രി പറഞ്ഞതിന് അപ്പുറമായി യാതൊന്നും പറഞ്ഞിട്ടില്ല.

അവർക്ക് പറയാൻ അറിയാൻ മേലാഞ്ഞിട്ടല്ല. അതാണ് ബിജെപിയുടെ നിലപാട്. ഈ വിഷയത്തിൽ മുനമ്പം നിവാസികളെ സഹായിക്കുവാൻ ഇന്നത്തെ നിലയിൽ പിണറായി വിജയന് മാത്രമേ സാധിക്കുകയുള്ളൂ.
പിണറായി വിജയൻ നിങ്ങളെ സഹായിച്ചാലും സഹായിച്ചില്ലെങ്കിലും ബിജെപി നേതൃത്വം പറയുന്നതുപോലെ കഴിഞ്ഞ 75 കൊല്ലമായി അവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നു.

വരുന്ന 75 വർഷവും അവർ അതുതന്നെ ചെയ്യും. അവരെ ഈ വിഷമ വൃത്തത്തിലെത്തിച്ചത് കോൺഗ്രസുകാരാണന്ന ചിന്ത അവർക്കോ അവരെ നയിക്കുന്ന പുരോഹിത വർഗ്ഗത്തിനോ ഇല്ല. സമയാസമയങ്ങളിൽ കോടതിയിൽ പറയേണ്ട കാര്യങ്ങൾ പറയാതെ ആ പാവങ്ങളെ പറ്റിച്ചവരെ ഇനിയെങ്കിലും തിരിച്ചറിയണം.

Leave a Reply

Your email address will not be published. Required fields are marked *