Your Image Description Your Image Description

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ പികെ ശ്രീമതിക്ക് കേരളത്തിലെ സിപിഎം വിലക്കേർപ്പെടുത്തിയോ ? കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ .

കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് എന്നാണ് റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഇക്കഴിഞ്ഞ മധുര പാർട്ടികോൺഗ്രസിൽ പികെ ശ്രീമതിക്ക് മുഖ്യമന്ത്രിക്കൊപ്പം പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരുന്നു. കാശ്മീരിൽ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇത്തരത്തിൽ ഇളവ് ലഭിച്ചു .

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോൾ ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീമതിയോട് പറഞ്ഞു . എന്നാൽ ജനറൽ സെക്രട്ടറി എംഎ ബേബിയോടും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും സംസാരിച്ചപ്പോൾ ഇത്തരത്തിൽ വിലക്കൊന്നും അറിയിച്ചിട്ടില്ലെന്ന് ശ്രീമതി പറഞ്ഞു.

പാർട്ടികോൺഗ്രസിലെ പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാവൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മറ്റാരും ഒന്നും മിണ്ടിയില്ല. ശ്രീമതിക്ക് കേന്ദ്ര കമ്മിറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവുവച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കേണ്ടതില്ലന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

ഇതേത്തുടർന്ന് കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശ്രീമതി പങ്കെടുത്തില്ല. എന്നാൽ പിറ്റേ ദിവസം നടന്ന സംസ്ഥാനകമ്മിറ്റി യാേഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാനത്ത് പ്രത്യേകം ചുതലകൾ നൽകാറുണ്ട്. എന്നാൽ പികെ ശ്രീമതിക്ക് അത്തരത്തിൽ ഒരു ചുമതലയും നൽകേണ്ടെന്നും തീരുമാനിച്ചു .

കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. എകെ ബാലനടക്കം ഈ യോഗത്തിൽ പങ്കെടുക്കുന്നുമുണ്ട്. ആ പരിഗണന വച്ചാണ് പികെ ശ്രീമതിക്കും സംസ്ഥാനകമ്മിറ്റി യോഗത്തിൽ അവസരം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *