Your Image Description Your Image Description

വാഹനങ്ങളുടെ ബാഹുല്യവും അത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും രാജ്യ തലസ്ഥാനമായ ഡൽഹിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ കൈകൊള്ളുന്നുണ്ടെങ്കിലും അതൊന്നും തന്നെ വായുമലിനീകരണത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകരമാകുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. കാലപ്പഴക്കം ചെന്ന പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുക, ഇലക്ട്രിക്-സി എൻ ജി വാഹനങ്ങൾ വാങ്ങുന്നതിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കുക പോലുള്ള നടപടികൾ സ്വീകരിച്ച ഗവണ്മെന്റ് ഒരുപടി കൂടി കടന്ന് കടുത്ത തീരുമാനങ്ങളിലേക്കു നീങ്ങുകയാണ്. ഒരു കുടുംബത്തിൽ വാങ്ങാൻ കഴിയുന്ന ഡീസൽ-പെട്രോൾ വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാനാണ് ഡൽഹി സർക്കാറിന്റെ അടുത്ത നീക്കം. മലിനീകരണം തടയുന്നതിനായി തയാറാക്കിയിട്ടുള്ള കരട് നിർദേശങ്ങളിലാണ് മേൽസൂചിപ്പിച്ചത്‌ പോലുള്ള തീരുമാനങ്ങൾ. ഒരു കുടുംബത്തിന് വാങ്ങാൻ കഴിയുന്ന പെട്രോൾ-ഡീസൽ കാറുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം മാത്രമല്ല, പെട്രോൾ ഉപയോഗിക്കുന്ന സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവയും പൂർണമായും നിരോധിക്കാനും ഡൽഹി ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്. ഈ നിർദേശങ്ങൾ പ്രകാരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കാറുകൾ ഒരു വീട്ടിൽ രണ്ടെണ്ണം മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് വിലയിരുത്തലുകൾ. കൂടാതെ, ഹൈബ്രിഡ് വാഹനങ്ങൾക്ക് നികുതിയിളവ് നൽകി, അത്തരം വാഹനങ്ങൾ വാങ്ങുന്നതിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കവും ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകും. ഹൈബ്രിഡ് വാഹനങ്ങളുടെ വിലയിൽ പതിനഞ്ച് ശതമാനം കുറവ് വരുന്ന രീതിയിലുള്ള നികുതിയിളവ് നൽകാനായിരിക്കും ഗവണ്മെന്റ് തീരുമാനിക്കുക എന്നാണ് റിപോർട്ടുകൾ. 2027 ഏപ്രിൽ ഒന്നോടെ നിരോധനങ്ങൾ നടപ്പിലാക്കാനും 2030 ഓടെ ഡൽഹിയിലെ മൊത്തം വാഹനങ്ങളിൽ 30 ശതമാനം ഇലക്ട്രിക് ആക്കിമാറ്റാനുമാണ് ഗവണ്മെന്റ് പദ്ധതിയിടുന്നത്. ഫോസിൽ ഇന്ധനത്തിലോടുന്ന കാറുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം, ഇരുചക്ര വാഹനങ്ങളുടെ നിരോധനം കൂടാതെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇൻസെന്റീവ് എന്നിവ നൽകാനും ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്. ഡൽഹിയിൽ 2024 ൽ വിറ്റഴിച്ച പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 4.5 ലക്ഷമാണ്. 2022-2023 വർഷങ്ങളിൽ വിറ്റഴിച്ചതിൽ 64 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഈ കണക്കുകൾ ഗവണ്മെന്റിനെ ആശങ്കപ്പെടുത്തുന്നതു കൊണ്ടാണ് നിരോധനം പോലുള്ള കടുത്ത തീരുമാനങ്ങളിലേക്കു കടക്കുന്നത്. ഫോസിൽ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനായി ഒരു ലീറ്റർ പെട്രോളിന് 50 പൈസ നിരക്കിൽ അധിക സെസ് ഏർപ്പെടുത്താനും സർക്കാർ നീക്കം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *