Your Image Description Your Image Description

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ലേല ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് റിഷഭ് പന്തിനെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചപ്പോള്‍ ആരാധകരൊന്ന് ഞെട്ടിയിരുന്നു. അതിന് തൊട്ടു മുമ്പ് ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ചതിന്‍റെ അമ്പരപ്പ് മാറും മുമ്പായിരുന്നു കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ ലക്നൗ ചരിത്രം കുറിച്ചത്. വെറും പതിനാല് വയസ് മാത്രമുള്ള വൈഭവ് സൂര്യവംശിക്ക് പോലും രാജസ്ഥാന്‍ റോയല്‍സ് മുടക്കിയത് 1.1 കോടി രൂപയായിരുന്നു. ഇങ്ങനെ കളിക്കാര്‍ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഐപിഎല്ലില്‍ അമ്പയര്‍മാര്‍ക്ക് കിട്ടുന്ന പ്രതിഫലമെത്രയായിരിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

കഴിഞ്ഞ ദിവസം മുംബൈ-ഹൈദരാബാദ് മത്സരത്തിനിടെ ബാറ്റില്‍ കൊള്ളാത്ത പന്തില്‍ ഇഷാന്‍ കിഷൻ അമ്പയര്‍ ഔട്ട് വിധിക്കാതെ തന്നെ സ്വയം ക്രീസ് വിട്ടപ്പോള്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞത്, കളിക്കാരെ പോല അമ്പയര്‍മാര്‍ക്കും ശമ്പളം നല്‍കുന്നുണ്ടെന്നും അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നുമായിരുന്നു. അമ്പയര്‍ വൈഡ് വിളിക്കാനിരുന്ന പന്തിലായിരുന്നു ഔട്ടെന്ന് കരുതി കിഷന്‍ ത്യാഗം ചെയ്തത്. നന്ദിയില്ലാത്ത പണിയെന്നാണ് അമ്പയറിംഗിനെ വിശേഷിപ്പിക്കാറുള്ളതെങ്കിലും ഐപിഎല്ലില്‍ മത്സരം നിയന്ത്രിക്കാന്‍ ഇറങ്ങുന്ന അമ്പയര്‍മാര്‍ക്ക് സെവാഗ് സൂചിപ്പിച്ചതുപോലെ മോശമല്ലാത്ത തുക തന്നെ പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലില്‍ മത്സരം നിയന്ത്രിക്കുന്ന ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു മത്സരത്തിലെ ഫോര്‍ത്ത് അമ്പയര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. കളിക്കാര്‍ക്ക് ലഭിക്കുന്ന കോടികള്‍ക്ക് പുറമെ ഓരോ കളിക്കാർക്കും നിശ്ചിത തുക മാച്ച് ഫീ ആയും ടീമുകള്‍ നല്‍കുന്നുണ്ട്. ഇംപാക്ട് പ്ലേയര്‍ അടക്കം ഓരോ ടീമിലെയും കളിക്കാര്‍ക്ക് 7.5 ലക്ഷം രൂപ മാച്ച് ഫീ ആയി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *