Your Image Description Your Image Description

കൊച്ചി: ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകന്‍ എ.പി നന്ദകുമാര്‍ രംഗത്ത്. സിനിമയുടെ കഥ തന്റെ ‘രാമന്‍’ എന്ന കഥയുടെ തനിപ്പകര്‍പ്പാണെന്നും തന്റെ സൃഷ്ടിയെ അനുവാദമില്ലാതെ അന്യായമായി ഉപയോഗിക്കുകയായിരുന്നെന്നും എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നന്ദകുമാര്‍ ആരോപിച്ചു.

‘തുടരും’ സിനിമയിലെ ജോര്‍ജ് എന്ന കഥാപാത്രം തന്റെ കഥയിലെ ജോണ്‍ എന്ന കഥാപാത്രം തന്നെയാണെന്നും കഥയുടെ അന്തരംഗ ചലനങ്ങള്‍, സംഭവക്രമം മുതല്‍ ക്ലൈമാക്സ് വരെ തന്റെ കഥയുമായി അത്രമേല്‍ സാമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും മോഹന്‍ലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു.

മോഹന്‍ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തരുണ്‍ മൂര്‍ത്തി ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. സാക്‌നില്‍ക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം ആദ്യ ദിനം 5.25 കോടി രൂപയുടെ (ഇന്ത്യന്‍ നെറ്റ്) ബോക്‌സ് ഓഫിസ് കലക്ഷനാണ് ചിത്രം നേടിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം കണ്ട നിരവധി പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിച്ചത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ. ബിനു പപ്പു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *