Your Image Description Your Image Description

ബെംഗളൂരു: കർണാടകയിൽ കുപ്രസിദ്ധ അധോലോക നേതാവിന്റെ മകനെതിരെ ഉണ്ടായ വധശ്രമത്തിൽ ബോഡിഗാർഡ് അറസ്റ്റിൽ. മുൻ അധോലോക നേതാവ് മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് നേരെയാണ് കഴിഞ്ഞ ദിവസം വധശ്രമം നടന്നത്. 1990കളില്‍ ബെം​ഗളൂരു നഗരത്തെ നിയന്ത്രിച്ചിരുന്ന, നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായിരുന്നു മുത്തപ്പ റായ്. 45 കാരനായ ബോഡിഗാർഡ് വിറ്റൽ മൊനപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19നായിരുന്നു റിക്കി റായിക്ക് നേരെ വധശ്രമം നടന്നത്. മുത്തപ്പ റായിയുടെ രണ്ടാം ഭാര്യയുമായുള്ള സ്വത്തു തർക്കം നിലനിന്നിരുന്നതിനാൽ ഇതാണ് വെടിവയ്പിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ റിക്കി റായിയുടെ തന്നെ ബോഡിഗാർഡ് അറസ്റ്റിലായതിന് പിന്നാലെ വധശ്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. മൂക്കിലും വലത് തോളിലും അടക്കമാണ് റിക്കിക്ക് വെടിയേറ്റത്. മുത്തപ്പ റായിയുടെ ഫാം ഹൌസിൽ നിന്ന് ടൊയോറ്റ ഫോർച്യൂണർ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് റിക്കിക്ക് വെടിയേറ്റത്. സാധാരണ ഗതിയിൽ സ്വയം ഡ്രൈവ് ചെയ്യാറുള്ള റിക്കി ആക്രമണം നടന്ന ദിവസം പിൻസീറ്റിലായിരുന്നു യാത്ര ചെയ്തത്. സംഭവത്തിൽ റിക്കി റായിയുടെ ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ മുത്തപ്പയുടെ രണ്ടാം ഭാര്യയും കോൺഗ്രസ് നേതാവായ രാകേഷ് മല്ലി എന്നിവർക്കെതിരെയാണ് ഡ്രൈവർ സംശയം പ്രകടിപ്പിച്ചത്.

12എംഎം ബോർ ഷോട്ട് ഗൺ ഉപയോഗിച്ച് രണ്ട് റൌണ്ട് വെടിയുണ്ടകളാണ് അജ്ഞാതർ റിക്കിക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിക്കിക്ക് നിരവധി ശത്രുക്കളാണ് ഉള്ളത്. നാല് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മുത്തപ്പറായിയുടെ മുൻ കൂട്ടാളിയായ രാകേഷ് മല്ലി, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, റിയൽ എസ്റ്റേറ്റ് വ്യാപാരികളായ നിതേഷ് ഷെട്ടി, വൈദ്യനാഥൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *