Your Image Description Your Image Description

ലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്ക് പണികൊടുക്കാൻ എതിരാളിയായ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് എത്തുകയാണ്. ജൂൺ അവസാനത്തോടെ ഇന്ത്യയിലും ഒക്ടോബറിൽ ഇന്തോനേഷ്യയിലും വാഹന അസംബ്ലി സൗകര്യങ്ങൾ സ്ഥാപിച്ചാണ് ടെസ്‌ലയ്ക്ക് വിൻഫാസ്റ്റ് വെല്ലുവിളി ഉയർത്തുന്നത്. ഏഷ്യൻ വിപണികളിലേക്കുള്ള കമ്പനിയുടെ വരവിനെ പറ്റി വിൻഫാസ്റ്റിന്റെ സിഇഒ ഫാം നാറ്റ് പ്രഖ്യാപനവും നടത്തിയിരുന്നു.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിൻഫാസ്റ്റ് മുമ്പ് അമേരിക്കൻ വിപുലീകരണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പക്ഷെ അമേരിക്കയിലെ കാലതാമസം നേരിടുന്ന പുരോഗതിയും , ട്രംപിന്റെ താരീഫ് അനിശ്ചിതത്വങ്ങളും കാരണം കമ്പനി അമേരിക്കിൽ നിന്നും ഏഷ്യൻ വിപണികളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.

ഭാവിയിൽ, വിയറ്റ്നാമീസ് വിപണിക്ക് പുറമെ, ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പീൻസ് വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഫാം നാറ്റ് വുങ് വിൻഗ്രൂപ്പ് ഓഹരി ഉടമകളെ അറിയിച്ചത്. ഇപ്പോൾ, ഉയർന്ന ലോജിസ്റ്റിക്സ് ഫീസ് കാരണം അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ വിൽപ്പന വർദ്ധിപ്പിക്കാൻ വിൻഫാസ്റ്റ് പദ്ധതിയിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം വിൻഫാസ്റ്റ് തമിഴ്‌നാടുമായി 2 ബില്യൺ ഡോളർ വരെ നിക്ഷേപമുള്ള ഒരു കരാറിലെത്തിയിരുന്നു. തുടക്കത്തിലെ 5 വ‌ർഷം 500 മില്യൺ ഡോളറാണ് ചിലവാക്കുക. ഇതിലൂടെ പ്രതിവർഷം 150,000 വാഹനങ്ങൾ വരെ ഉത്പാദിപ്പിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൂടാതെ, കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്തോനേഷ്യയിൽ ഒരു അസംബ്ലി സൗകര്യത്തിന്റെ നിർമ്മാണവും കമ്പനി ആരംഭിച്ചു.

നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾക്ക് അനുസൃതമായി ഒക്ടോബറിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് വൂങ് സ്ഥിരീകരിച്ചു. അതേസമയം, ഇലോൺ മസ്‌കിന്റെ ടെസ്‌ലയും ഇന്ത്യയെ വളരെ ആകർഷകമായ വിപണിയായി കണക്കാക്കുന്നുണ്ട്, പക്ഷേ വാഹനങ്ങളുടെ 100% ഇറക്കുമതി തീരുവയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് ആളുകളിൽ വാങ്ങാനുള്ള താൽപര്യം കുറക്കുന്നു. കമ്പനി ഇപ്പോഴും ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് അനുയോജ്യമായ ഒരു സമയത്തിനായി കാത്തിരിക്കുകയാണെന്നാണ് സിഎഫ്‌ഒ വൈഭവ് തനേജ അറിയിച്ചത്.

ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ഓട്ടോമോട്ടീവ് വിപണിയായി കണക്കാക്കപ്പെടുന്ന ഇന്ത്യയിൽ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിൽ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കാളായ ടെസ്‌ല നിരന്തരം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ, ഗണ്യമായ ഇറക്കുമതി തീരുവകളാണ് ഇതിന് ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *