Your Image Description Your Image Description

മുംബൈ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം നിരവധി ബോളിവുഡ് താരങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത നിശബ്ദത വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ തന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ അമിതാഭ് ബച്ചന്‍ എഴുതിയത് ‘ടി 5356’ എന്ന് മാത്രം. മറ്റൊന്നും പറഞ്ഞില്ല. ഇത് പലരും നിശബ്ദതയായി വ്യാഖ്യാനിച്ചു. ഇത്രയും വലിയൊരു ആക്രമണം രാജ്യത്തെ നിരപരാധികള്‍ക്കെതിരെ നടന്നിട്ട് താരം പുലര്‍ത്തുന്ന നിശബ്ദത വലിയ തോതിലാണ് വിമര്‍ശനത്തിന് വിധേയമായത്

ഭാര്യ ജയാ ബച്ചന്റെ രാഷ്ട്രീയ ജീവിതം കണക്കിലെടുത്താണ് അമിതാഭ് പ്രതികരിക്കാത്തതെന്നും ചിലർ ഇതിനെ വ്യാഖ്യാനിക്കുക പോലും ചെയ്തു ഈ എക്സ് പോസ്റ്റിന് താഴെ. ‘ഇതിനർത്ഥമെന്താണ്?’ ‘നിശബ്ദത പാലിക്കാന്‍ കാരണമായ സന്ദർഭമെന്താണ്?’ ‘നിശബ്ദത പലതും പറയുന്നുണ്ട് അമിത് ജീ’ എന്നിങ്ങനെയാണ് ഈ എക്സ് പോസ്റ്റിന് വന്ന മറുപടികള്‍.

ചില നെറ്റിസണ്‍സ് ബിഗ് ബിയെ ട്രോളാൻ തുടങ്ങി. പഹൽഗാം ആക്രമണത്തെ ബോളിവുഡിലെ പ്രമുഖ താരം അവഗണിച്ചുവെന്നാണ് ആരോപണം ഉന്നയിച്ചത്. ‘സിനിമാലോകത്തെ മുതിർന്ന നടനാണ് താങ്കൾ. പക്ഷേ പഹൽഗാം ആക്രമണത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ?’ എന്നാണ് ഒരാൾ ചോദിച്ചത്.
കശ്മീരില്‍ ഇത്രയും നടന്നിട്ടും ഒരു ആശ്വസ വാക്കെങ്കിലും പറയണ്ടെ എന്നും ചിലര്‍ ചോദിച്ചു. എന്തായാലും 15 മണിക്കൂര്‍ മുന്‍പ് ഇട്ട എക്സ് പോസ്റ്റിന് ശേഷം വിശദീകരണമൊന്നും അമിതാഭ് നല്‍കിയിട്ടില്ല.

പഹൽഗാമിലെ ബൈസരന്‍ താഴ്വരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ക്കുകയായിരുന്നു. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി.

ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.

അതേ സമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി.

പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *