Your Image Description Your Image Description

കൊച്ചി: എറണാകുളത്തെ വിവാദമായ തൊഴിൽ ചൂഷണത്തിൽ അന്വേഷണം നേരിട്ട കമ്പനിയിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. പിതാവ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയിലെത്തി. കോഴിക്കോട് കോഴിലാണ്ടി പുളിയഞ്ചേരി സ്വദേശി സാരംഗിനെയാണ് കാണാതായത്. കെൽട്രോ കമ്പനിയുടെ തൃപ്പൂണിത്തുറ ശാഖയിൽ ആണ് സാരംഗ് ജോലി ചെയ്തിരുന്നത്. സാരംഗിനെ കാണാതായതിന് പിന്നിൽ കെൽട്രോ കമ്പനിക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ടാർഗറ്റ് തികയ്ക്കാത്ത പേരിൽ കെൽട്രോ കമ്പനിയിലെ ജീവനക്കാരെ ചൂഷണം ചെയ്യുന്നു എന്ന പരാതിയും വീഡിയോയും പുറത്തുവന്നിരുന്നു.

അതേസമയം, നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ തൊഴില്‍ പീഡനമല്ലെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു. സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍. എന്നാല്‍ സമ്മര്‍ദം കൊണ്ടാണ് യുവാക്കള്‍ മൊഴി മാറ്റി പറയുന്നതെന്നും സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്‍ ജീവനക്കാരന്‍ മനാഫ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.

എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം പാടെ നിഷേധിക്കുകയായിരുന്നു. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനെന്നും ഇരുവരും പറയുന്നു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ദൃശ്യങ്ങളിലുള്ള യുവാക്കള്‍ പരാതി പറയാന്‍ തയാറാകാതെ വന്നതോടെയാണ് തൊഴില്‍ പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *