Your Image Description Your Image Description

ആരാധകരായി നടിച്ചും വിലയേറിയ സമ്മാനങ്ങൾ നൽകിയും ഐപിഎൽ താരങ്ങളുമായി സൗഹൃദം സ്ഥാപിച്ച് കെണിയിലാക്കാൻ ഒരു വ്യവസായി ശ്രമിക്കുന്നതായി ബിസിസിഐ. ( ബോ‍ര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇൻ ഇന്ത്യ ) ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ഒത്തുകളി ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താരങ്ങളെ പ്രേരിപ്പിച്ചേക്കാമെന്നുള്ള മുന്നറിയിപ്പ് ബിസിസിഐ നല്‍കി. ടീമുകളുടെ ഉടമകള്‍, താരങ്ങള്‍, പരിശീലക‍ര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, കമന്റേറ്റര്‍മാര്‍ എന്നിവരോടാണ് ജാഗ്രത പാലിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

പലനിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഈ വ്യവസായി മുൻപും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അഴിമതിവിരുദ്ധ സുരക്ഷാ യൂണിറ്റിനെ ഉദ്ധരിച്ചുകൊണ്ട് ക്രിക്ക്ബസ് റിപ്പോ‍ര്‍ട്ട് ചെയ്തു. വാതുവെപ്പുകാരുമായി ബന്ധമുള്ള ഇയാള്‍ താരങ്ങളെയുള്‍പ്പെടെ വലയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് അടിയന്തര മുന്നറിയിപ്പ് ബിസിസിഐ നല്‍കിയിരിക്കുന്നത്.

വ്യവസായിയുടെ സംഘത്തിലുള്ളവരുടെ നീക്കങ്ങളെക്കുറിച്ചും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ആരാധകരായി നടിച്ചാണ് ഇവര്‍ പലരേയും സമീപിക്കുന്നത്. വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയാണ് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നതും. ഇവരെ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും പരിസരങ്ങളിലും കണ്ടിട്ടുള്ളതായി അഴിമതി വിരുദ്ധ യൂണിറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ തുറന്ന് പറയണമെന്നും നിര്‍ദേശമുണ്ട്.

താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്കും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ജ്വല്ലറികളും ഹോട്ടലുകളുമൊക്കെയാണ് വലിയ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലൂടേയും ഇവര്‍ താരങ്ങളേയും കുടുംബാംഗങ്ങളേയുമൊക്കെ സമീപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ സീസണിലെ 31 മത്സരങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. ഗുജറാത്ത് ടൈറ്റൻസ്, ‍ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണ് എട്ട് വീതം പോയിന്റുകളുമായി പട്ടികയുടെ മുൻപന്തിയിലുള്ളത്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പിന്നിലായുള്ളത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് നാല് പോയിന്റ് വീതമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *