Your Image Description Your Image Description

പാലക്കാട്: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ട് ദിവ്യ എസ് അയ്യർ ഇട്ട പോസ്റ്റിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കര്‍ണ്ണന്‍ ആരായിരുന്നെങ്കിലും മരണം വരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നുവെന്നും അപ്പോ സംഗതി ശരിയാണ് കുറ്റം പറയാന്‍ പറ്റില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘അല്ല, കര്‍ണ്ണന്‍ ആരായിരുന്നെങ്കിലും മരണം വരെ ധര്‍മ്മ പക്ഷത്തിനെതിരെ ദുര്യോധന പക്ഷത്തായിരുന്നല്ലോ?? അപ്പോ സംഗതി ശരിയാണ്. കുറ്റം പറയാന്‍ പറ്റില്ല. അപ്പോ ചോദ്യമിതാണ്, ആരാണ് ഇവിടെ ദുരാഗ്രഹിയായ ദുര്യോദനന്‍?’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘കര്‍ണ്ണനുപോലും അസൂയ തോന്നുംവിധം ഈ KKR കവചം!’ എന്നാണ് കെ കെ രാഗേഷിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രം പങ്കുവെച്ച് ദിവ്യ എസ് അയ്യര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും ദിവ്യയുടെ പങ്കാളിയുമായ ശബരീനാഥനും രംഗത്തെത്തി. അഭിനന്ദനം സദുദ്ദേശപരമാണെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ശബരീനാഥന്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമര്‍ശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ല’-ശബരീനാഥന്‍ പറഞ്ഞു.

ദിവ്യ എസ് അയ്യരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും വിമര്‍ശിച്ചിരുന്നു. ‘പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട മഹതിയാണ് ദിവ്യ എസ് അയ്യര്‍. അവരുടെ സമൂഹമാധ്യമ പോസ്റ്റിന് വില കല്‍പ്പിക്കുന്നില്ല. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും’- എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. അതേസമയം, നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യ എസ് അയ്യരെ അധിക്ഷേപിക്കുകയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ പ്രവര്‍ത്തനത്തെ പറ്റി നല്ല വാക്കുകള്‍ പറഞ്ഞത് ഇത്രയധികം പ്രകോപിപ്പിച്ചത് വല്ലാത്ത അത്ഭുതമായി തോന്നുന്നുവെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *