Your Image Description Your Image Description

ദുബായ്: ദുരന്തനിവാരണത്തിന് നൂതന സംവിധാനവുമായി ദുബായ്. ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതില്‍ നിര്‍ണായകമാകുന്ന വിശകലനങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതിന് മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആര്‍.എസ്.സി) നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഇതിനകം തന്നെ നിരവധി ദുരന്ത മുഖങ്ങളില്‍ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ട്. ഭൂമിക്കു മുകളില്‍ നിന്ന് പകര്‍ത്തുന്ന ഹൈ റെസല്യൂഷന്‍ ചിത്രങ്ങളാണ് ദൗത്യത്തില്‍ ഉപയോഗപ്പെടുത്തുന്നത്.

ഫിലിപ്പീന്‍സില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും, കടുത്ത വെള്ളപ്പൊക്കം ബാധിച്ച ഇന്തോനേഷ്യ, ലിബിയ എന്നിവിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായ എം.ബി.ആര്‍.എസ്.സിക്ക് ലോകമെമ്പാടുമുള്ള വിവിധ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നതിനായി ആഴ്ചയില്‍ ശരാശരി എട്ട് അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ‘ദ നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തനിവാരണ കൂട്ടായ്മകളില്‍ കേന്ദ്രം വളരെ സജീവമാണെന്ന് എം.ബി.ആര്‍.എസ്.സിയിലെ റിമോട്ട് സെന്‍സിങ് വകുപ്പ് ഡയറക്ടര്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. ഭൂകമ്പങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് അനുഭവിക്കുന്ന പ്രദേശങ്ങള്‍ക്കായി ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളും ഭൂപടങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 മുതല്‍ എം.ബി.ആര്‍.എസ്.സി അന്താരാഷ്ട്രതലത്തില്‍ ഏകദേശം 40 ദുരന്ത പ്രതികരണ ദൗത്യങ്ങളെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും സര്‍ക്കാരുകള്‍ക്കും സഹായ ഏജന്‍സികള്‍ക്കും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനുമാണ് വിവരങ്ങള്‍ ഉപയോഗിക്കുന്നത്. തത്സമയ ഡാറ്റക്കുള്ള ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ കൂടി ഉപയോഗപ്പെടുത്തുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചരിത്രം കുറിച്ച് യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് കഴിഞ്ഞ മാസം വിജയകരമായി വിക്ഷേപിച്ചിരുന്നു. യു.എ.ഇയുടെ നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖലക്ക് കരുത്ത് പകരുന്നതാണ് ഇത്തിഹാദ് സാറ്റ്. 220കി.ഗ്രാം തൂക്കമുള്ള സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ അഥവാ എസ്.എ.ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാറ്റലൈറ്റാണ് ഈ കൃത്രിമോപഗ്രഹം.

എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയര്‍ന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റ്‌ററും ദക്ഷിണകൊറിയയുടെ സാറ്റ്‌റെകും സംയുക്തമായാണ് പുതിയ ഉപഗ്രഹം വികസിപ്പിച്ചത്. ഇന്ധന ചോര്‍ച്ച കണ്ടെത്തല്‍, പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യല്‍, സമുദ്ര ഗതാഗതം മെച്ചപ്പെടുത്തല്‍, സ്മാര്‍ട്ട് കൃഷിക്ക് സഹായം, പരിസ്ഥിതി നിരീക്ഷണം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഇത്തിഹാദ് സാറ്റ് ഉപകാരപ്പെടുന്നുണ്ട്. ഇതിനൊപ്പം ഇത്തിഹാദ് സാറ്റ് നല്‍കുന്ന ഡാറ്റ നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിലയിരുത്തുകയുംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *