Your Image Description Your Image Description

കല്‍പറ്റ: അമേഠിയില്‍ നിന്ന് വന്നൊരു വയനാടന്‍ കാറ്റ് കേരളത്തില്‍ കൊടുങ്കാറ്റായി വീശുന്നതായിരുന്നു 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്ടത്. പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കേരളത്തിന്‍റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമെന്ന ഇ. അഹമ്മദിന്‍റെ മുന്‍ റെക്കോര്‍ഡ് ബഹുദൂരം പിന്നിലാക്കി അലയടിച്ച രാഹുല്‍ തരംഗം രണ്ട് ഇരട്ടിയിലധികം വോട്ടുകളുടെ ലീഡാണ് അടയാളപ്പെടുത്തിയത്. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ വരവില്‍ 20ല്‍ 19 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് സഖ്യം തൂത്തുവാരുന്നതിനും കേരളം സാക്ഷ്യംവഹിച്ചു.

2014ല്‍ മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ ജനസമ്മതനായ ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. എന്നാല്‍ ഈ കണക്കിന്‍റെ തൂക്കക്കട്ടി പക്ഷേ 2019ല്‍ വയനാട്ടിലേക്കുള്ള വരവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മായ്‌ച്ചെഴുതി. 2019ല്‍ ആകെ 10,89,999 വോട്ടുകളാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വയനാട്ടിലേക്ക് ചുരം കയറിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇതില്‍ 7,06367 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഭൂരിപക്ഷം 4,31,770 എന്ന മാന്ത്രിക സംഖ്യ തൊട്ടു. ഇ. അഹമ്മദ് 2014ല്‍ മലപ്പുറത്ത് നേടിയതിനേക്കാള്‍ 237031 വോട്ടുകളുടെ ലീഡ് രാഹുല്‍ ഗാന്ധി പോക്കറ്റിലാക്കി. രാഹുല്‍ ഗാന്ധി തരംഗത്തിന് മുന്നില്‍ പിടിവള്ളിപോലും കിട്ടാതെപോയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പിപി സുനീറിന് 2,74597 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ എന്‍ഡിഎയുടെ തുഷാര്‍ വെളളാപ്പളളി 78816 വോട്ടുകളിലൊതുങ്ങിക്കൂടി.

വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ കോഴിക്കോട്ടെ തിരുവമ്പാടി മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കൂടിച്ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. രാഹുല്‍ ഗാന്ധിയുടെ വരവോടെ 2019ല്‍ രാജ്യത്തെ ഏറ്റവും സുപ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി വയനാടും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. തുടര്‍ച്ചയായി എം ഐ ഷാനവാസ് വിജയിച്ച്, കോണ്‍ഗ്രസ് കോട്ട എന്ന് വിശേഷണമുള്ള വയനാട്ടിലെ വോട്ടെണ്ണലില്‍ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധിയായിരുന്നു ട്രെന്‍ഡ്. 1.07 ശതമാനം വോട്ട്​ എണ്ണിയപ്പോൾ 5510 വോട്ടിന്​ മുന്നിലെത്തിയ രാഹുല്‍ ഗാന്ധി 47 ശതമാനം വോട്ടെണ്ണിയതോടെ തന്‍റെ ഐതിഹാസിക ലീഡ് രണ്ട് ലക്ഷം കടത്തി. പിന്നെയോരോ വോട്ടും റെക്കോര്‍ഡുകളുടെ ഉയരത്തിലേക്ക് രാഹുല്‍ ഗാന്ധിയെ ചുരംകയറ്റുന്ന കാഴ്‌ചയാണ് കണ്ടത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *