Your Image Description Your Image Description

ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി, രണ്ടു മാസത്തിനുള്ളിൽ 4 റെയിൽവേ മേൽപ്പാലങ്ങൾ കൂടി നാടിന് സമർപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) അറിയിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ്റെ പദ്ധതികൾ അവലോകനം നടത്തുന്നതിനായി, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 35.19 കോടി രൂപ ചെലവിൽ താനൂർ – തെയ്യാല, 33.37 കോടി രൂപ ചെലവിൽ കൊടുവള്ളി – തലശ്ശേരി, 29.61 കോടി ചെലവിട്ട് വാടാനംകുറിശ്ശി, 21.93 കോടി ചെലവിൽ ചിറയിൻകീഴ് എന്നീ 4 റെയിൽവേ മേൽപ്പാലങ്ങളാണ് മെയ് 31 നുള്ളിൽ പൂർത്തിയാക്കാൻ ഉദ്യേശിക്കുന്നത്. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് കണ്ടിന്യൂസ് സ്പാൻ സ്ട്രക്ച്ചർ മാതൃകയിലാണ് ഇവയോരോന്നും നിർമിച്ചിരിക്കുന്നത്.

ഗുരുവായൂർ, ചിറങ്ങര, മാളിയേക്കൽ, ഫറോക്ക്, കാഞ്ഞങ്ങാട്, കാരിത്താസ്, മുളന്തുരുത്തി എന്നിവിടങ്ങളിലായി 7 റെയിൽവേ മേൽപ്പാലങ്ങൾ, അഴിമാവ് കടവ് പുഴപ്പാലം, എടപ്പാൾ ഫ്‌ളൈഓവർ, പേരാമ്പ്ര ബൈപ്പാസ് എന്നിവയുൾപ്പെടെ, 314 കോടി രൂപയുടെ പദ്ധതികളാണ് ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആർ.ബി.ഡി.സി.കെ പൂർത്തിയാക്കിയിട്ടുള്ളത്. 2025 മെയ് അവസാനം 4 പദ്ധതികൾ കൂടി നാടിന് സമർപ്പിക്കുമ്പോൾ, പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം 11 ആകും. ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയിലൂടെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ ഇത്രയേറെ റെയിൽവേ മേൽപാലങ്ങൾ യാഥാർത്ഥ്യമാകുന്നത്. ഈ നേട്ടം ആർ.ബി.ഡി.സി.കെ യുടെ ചരിത്രത്തിൽ സർവകാല റെക്കോഡ് ആണ്. പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പുരോഗതി എല്ലാ മാസവും പ്രത്യേകം അവലോകനം ചെയ്തു വരുന്നുണ്ട്. പ്രവൃത്തി പുരോഗമിക്കുന്ന മറ്റ് റെയിൽവേ മേൽപാലങ്ങളും വേഗത്തിൽ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു കെ., ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *