Your Image Description Your Image Description

തിരുവനന്തപുരം: മദ്യ ലഹരിയിൽ അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലിയൂർ സ്വദേശി 63 കാരനായ ബേബിയെ ആണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പത്തു വർഷം കഠിന തടവിനൊപ്പം 50,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ഉത്തരവിട്ടു.

ബേബിയുടെ മകന്‍ സന്തോഷ്‌ (30) ആണ് കൊല്ലപ്പെട്ടത്. 2014 മാർച്ച്‌ മാസം 27 ന് പുലർച്ചെ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതി ബേബിയും ഭാര്യയും മരണപ്പെട്ട മകൻ സന്തോഷും പൊറ്റവിളയിലാണ് താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിനായ ഭർത്താവ് ഭാര്യയെ മർദിക്കുകയും പതിവാണ്. മാര്‍ച്ച് 26 നു രാത്രി തുടങ്ങിയ കലഹവും ഉപദ്രവവും പിറ്റേന്ന് പുലർച്ചെ വരെ തുടർന്നതോടെ സന്തോഷ് ഇടപെടുകയായിരുന്നു. വീട്ടിൽ ഉറങ്ങി കിടന്ന സന്തോഷ്‌ എഴുന്നേറ്റ് പിതാവിനെ തടഞ്ഞു നിർത്തി. തുടർന്ന് പ്രതി മകന്‍റെ നേർക്ക് കല്ലുകൾ വലിച്ചെറിഞ്ഞു.

പരിക്കേൽക്കുന്നതിൽ നിന്നും രക്ഷപെടാന്‍ വീടിനു പുറത്തിറങ്ങിയ മകനെ പിതാവ് വീണ്ടും ആക്രമിച്ചു. സന്തോഷ്‌ ഓടി രക്ഷപെടാൻ ശ്രമിക്കവേ പ്രതി പിന്നെയും കല്ലുമായി വിരട്ടി സമീപത്തെ പുരയിടത്തിലേക്ക് ഓടിച്ചു. ഓടുന്നതിനിടയിൽ കൈവരി ഇല്ലാത്ത എൺപതടിയോളം വരുന്ന പൊട്ടക്കിണറ്റിൽ സന്തോഷ്‌ വീഴുകയായിരുന്നു. അച്ഛൻ മകനെ ആക്രമിക്കുന്നതും പുരയിടം വഴി ഓടിക്കുന്നതും നാട്ടുകാർ കണ്ടിരുന്നു. എന്നാൽ സന്തോഷ് കിണറ്റില്‍ വീണ വിവരം പ്രതി മറ്റുള്ളവരിൽ നിന്നും മറച്ചു വെച്ചു. പിറ്റേന്ന് വൈകി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പൊട്ടകിണറ്റിൽ സന്തോഷ്‌ മരിച്ചു കിടക്കുന്നത് കണ്ടത്.

ജാമ്യത്തിലായിരുന്ന പ്രതി ബേബിയെ ശിക്ഷിച്ചു കൊണ്ട് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തു. കൂടാതെ മരണപെട്ട സന്തോഷിന്‍റെ അമ്മയ്ക്കും, വിധവയായ ഭാര്യ മഞ്ജുവിനും വിക്ടിം കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള നഷ്ട പരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *