Your Image Description Your Image Description

തിരുവനന്തപുരം: വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) അച്ചടി നിര്‍ത്തിയതിനെതിരേ പരാതിയുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന. ഇവർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തു. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനാണ് ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ തീരുമാനത്തിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ആര്‍സി അച്ചടി പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ പദ്ധതിക്കെതിരേയാണ് അദ്ദേഹത്തിന്റെ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥർ എതിർപ്പുമായി എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറിയ ആര്‍സി ബുക്കിങ്ങിന്റെ അച്ചടി മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ആര്‍സി എന്ന ആശയത്തിലേക്ക് മാറിയത്. ഈ സംവിധാനത്തില്‍ ഡ്യൂപ്ലിക്കേറ്റ് ആര്‍സിക്ക് വേണ്ടി പണം മുടക്കേണ്ടതില്ലെന്നതും സവിശേഷതയാണ്.

കേന്ദ്രമോട്ടോര്‍ വാഹന നിയമപ്രകാരം ആര്‍സി ബുക്ക് വാഹന ഉടമയുടെ അവകാശമാണെന്നാണ് സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്. അച്ചടി നിര്‍ത്തിയ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ആര്‍സി ബുക്ക് ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പോകുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

എംപരിവാഹന്‍, ഡിജിലോക്കര്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയില്‍ ആര്‍സി ബുക്ക് ലഭ്യമാകും. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം 2018 മുതല്‍ ഡിജിറ്റല്‍ വാഹന രേഖകള്‍ പ്രോത്സാഹിപ്പിക്കുന്നണ്ട്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളോട് അവിടെയുള്ള ചില ഉദ്യോഗസ്ഥര്‍ ആര്‍സി ബുക്കിന്റെ അസല്‍ പതിപ്പ് ആവശ്യപ്പെടുന്നതാണ് ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്.

Leave a Reply

Your email address will not be published. Required fields are marked *