Your Image Description Your Image Description
Your Image Alt Text

ദില്ലി/കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ അധിക്ഷേപ പ്രസ്താവനയക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ ഇന്ത്യയുടെ അതൃപ്തി പരിഹരിക്കാൻ മാലദ്വീപ് നീക്കം തുടങ്ങി. മാലദ്വീപ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. സാമൂഹികമാധ്യമ പ്രസ്താവനകൾ തള്ളുന്നു എന്ന് മാലദ്വീപ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ, പരസ്യപ്രസ്താവനയിലൂടെ ബന്ധം വഷളാക്കേണ്ടെന്ന് പാർട്ടി നേതാക്കൾക്ക് ബിജെപി നിർദേശം നൽകി. അതേസമയം, പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവും മാലദ്വീപില്‍ മന്ത്രിമാരെ പുറത്താക്കിയതും രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയതോടെ ലക്ഷദ്വീപിന്‍റെ ടൂറിസം വളര്‍ച്ചക്ക് സാധ്യത കൂടി.

കേരളത്തിൽ നിന്ന് മാലദ്വീപിലേക്കുള്ള യാത്രാ ബുക്കിംഗ് റദ്ദാക്കപ്പെടുന്നില്ലെങ്കിലും ലക്ഷദ്വീപ് യാത്രയുടെ സാധ്യത തേടിയുള്ള അന്വേഷണങ്ങള്‍ ടൂർ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതൽ കിട്ടി തുടങ്ങി. എന്നാല്‍ ടൂറിസത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ യാത്രാ സംവിധാനങ്ങളോ ദ്വീപിലില്ല എന്നതാണ് പ്രധാന വെല്ലുവിളി.കടൽക്കാഴ്ചകളുടെ സൗന്ദര്യം, പവിഴപ്പുറ്റുകൾ, ദ്വീപിലെ സായാഹ്നങ്ങൾ എന്നിങ്ങനെ ലക്ഷദ്വീപിന്‍റെ സൗന്ദര്യം നേരിട്ട് കാണാനും ആസ്വദിക്കാനും ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ യാത്രാസൗകര്യമില്ലാത്തതുമാണ് പലരെയും ലക്ഷദ്വീപില്‍നിന്നും അകറ്റിനിര്‍ത്തുന്നത്.

VISIT LAKSHADWEEP ഹാഷ്ടാഗുകളാണ് സമൂഹമാധ്യമങ്ങളിലെങ്ങു സജീവമായിരിക്കുന്നത്. ലോകത്തെത്തന്നെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മാലിദ്വീപിന്‍റെ പെരുമയിലേക്ക് ലക്ഷദ്വീപിനെ ഉയർത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിനു പിന്നില്‍. മാലിദ്വീപിനെ ബഹിഷ്കരിക്കണമെന്ന് പ്രമുഖരടക്കം ആവശ്യപ്പെടുവെങ്കിലും ബുക്കിംഗ് കാന്‍സൽ ചെയുന്ന സാഹചര്യം കേരളത്തിലില്ല. പക്ഷെ ലക്ഷദ്വീപ് പാക്കേജുകൾ തേടി നിരന്തരം വിളികൾ എത്തുന്നുണ്ടെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു. എന്നാല്‍ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ലക്ഷദ്വീപിലില്ല.

കേരളത്തിൽ നിന്ന് ദ്വീപിലേക്കുള്ളത് ദിവസത്തിൽ ഒരു വിമാനം മാത്രം. അതിൽ അറുപത് പേർ‍ക്ക് മാത്രം യാത്ര ചെയ്യാം. മൂന്ന് കപ്പലുകൾ ദ്വീപിലേക്കുണ്ടെങ്കിലും കൃത്യമായ സമയം പാലിക്കുന്നില്ല. പലരും ആഴ്ചകൾ കാത്തിരുന്ന ശേഷമാണ് യാത്ര ചെയ്യുന്നത്. യാത്രാ പെർമിറ്റ് നേടുകയാണ് പ്രധാന കടമ്പ. ദ്വീപിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരുടെ ശുപാർശയോടെ പെർമിറ്റ് നേടാം. അല്ലാത്തവർ പൊലീസ് ക്ലിയറൻസ് ഉൾപ്പെടെയുള്ളവ സമർപ്പിക്കണം. ആവശ്യത്തിനനുസരിച്ച് നിലവാരമുള്ള ഹോട്ടലുകളില്ലാതെ ടൂറിസം വികസനത്തെക്കുറിച്ച് ചിന്തിക്കാനുമാവില്ല. മാലിദ്വീപുമായുള്ള രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ ടൂറിസം രംഗത്ത് മത്സരിക്കാന്‍ ലക്ഷദ്വീപിനെ കേന്ദ്ര സര്‍ക്കാർ മാറ്റിയെടുക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *