Your Image Description Your Image Description

ഭാരതീയ ജ്യോതിഷപ്രകാരം അനിഷ്ട യോ​ഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാളസർപ്പ യോ​ഗം. “അഗ്രേ രാഹുധരോ കേതു: സർവ്വ മദ്ധ്യഗതാ: ഗ്രഹാ: യോഗോയം കാളസർപ്പാഖ്യം ലോകേ ബഹു വിനാശ കൃത് ” എന്നാണ് കാളസർപ്പയോ​ഗത്തെ ജ്യോതിഷികൾ നിർവചിക്കുന്നത്. മുഴുവൻ ഗ്രഹങ്ങളും രാ​ഹുവിനും കേതുവിനും ഇടയിൽ വരുമ്പോഴാണ് കാളസർപ്പയോ​ഗം രൂപപ്പെടുന്നത്.

എപ്പോഴും രാ​ഹു കേതുക്കൾ തുല്യ അകലം പാലിച്ചാണ് സഞ്ചാരം. കൃത്യമായി പറഞ്ഞാൽ രാഹുവും കേതുവും തമ്മിൽ 180 ഡി​ഗ്രി അകലത്തിലാണ് സഞ്ചാരം. ഒരാളിന്റെ ജാതകത്തിൽ രാഹുകേതുക്കൾ നിൽക്കുന്ന 180 ഡിഗ്രിക്കുള്ളിലായി ആദിത്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നിവ എവിടെയെങ്കിലും നിന്നാൽ കാളസർപ്പയോഗം രൂപപ്പെടും.

കാളസർപ്പയോ​ഗവുമായി ബന്ധപ്പെട്ട് ജ്യോതിഷികൾക്കിടയിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. കാളസർപ്പയോഗം പ്രധാനമായും സവ്യയെന്നും അപസവ്യ എന്നീ രണ്ട് തരത്തിലുണ്ട്. സപ്തഗ്രഹങ്ങളും രാഹുവിനുശേഷം കേതുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് സവ്യ. സപ്തഗ്രഹങ്ങളും കേതുവിനുശേഷം രാഹുവരെയുള്ള രാശികളിൽ വരുന്ന അവസ്ഥയാണ് അപസവ്യ. സവ്യയും അപസവ്യയും വീണ്ടും ആറായി തരംതിരിച്ചിട്ടുണ്ട്.

കാളസർപ്പയോഗം പന്ത്രണ്ട് വിധമുണ്ട്

അനന്ത കാളസർപ്പയോഗം : ലഗ്നത്തിൽ രാഹുവും ഏഴിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാൽ.

ഗുളിക കാളസർപ്പയോഗം: രണ്ടിൽ രാഹുവും എട്ടിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് ഗുളിക കാളസർപ്പയോഗം.

വാസുകി കാളസർപ്പയോഗം: മൂന്നിൽ രാഹുവും ഒമ്പതിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് വാസുകി കാളസർപ്പയോഗം.

ശംഖപാല കാളസർപ്പയോഗം: നാലിൽ രാഹുവും പത്തിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് ശംഖപാല കാളസർപ്പയോഗം.

പത്മ കാളസർപ്പയോഗം: അഞ്ചിൽ രാഹുവും പതിനൊന്നിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് പത്മ കാളസർപ്പയോഗം.

മഹാപത്മ കാളസർപ്പയോഗം: ആറിൽ രാഹുവും കേതു പന്ത്രണ്ടിലും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് മഹാപത്മ കാളസർപ്പയോഗം.

തക്ഷക കാളസർപ്പയോഗം: ഏഴിൽ രാഹുവും ലഗ്നത്തിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് തക്ഷക കാളസർപ്പയോഗം.

കാർക്കോടക കാളസർപ്പയോഗം: എട്ടിൽ രാഹുവും രണ്ടിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് കാർക്കോടക കാളസർപ്പയോഗം.

ശംഖചൂഡ കാളസർപ്പയോഗം: ഒമ്പതിൽ രാഹുവും മൂന്നിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് ശംഖചൂഡ കാളസർപ്പയോഗം.

ഘാതക കാളസർപ്പയോഗം: പത്തിൽ രാഹുവും നാലിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് ഘാതക കാളസർപ്പയോഗം.

വിഷധര കാളസർപ്പയോഗം: പതിനൊന്നിൽ രാഹുവും അഞ്ചിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് വിഷധര കാളസർപ്പയോഗം.

ശേഷനാഗ കാളസർപ്പയോഗം: പന്ത്രണ്ടിൽ രാഹുവും ആറിൽ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാലുള്ള അവസ്ഥയാണ് ശേഷനാഗ കാളസർപ്പയോഗം.

കാളസർപ്പയോഗത്തിൻ്റെ ഫലങ്ങൾ

രോഗം, കുടുംബകലഹം, വാഗ്ദോഷം, ധനനഷ്ടം, സഹോദരങ്ങളും ശത്രുക്കളാവുക, മാതാവ്, കുടുംബം, കന്നുകാലികൾ, വാഹനം ഇവയ്ക്ക് നാശം, സന്താന ദുരിതം, ശത്രുക്കളാലുള്ള ഉപദ്രവം, ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നം, ശത്രു വർധന, ആരോഗ്യഹാനി, തടവ്, പിതാവുമായി കലഹം, ഭാഗ്യമില്ലായ്മ, കർമ്മദുരിതം, പ്രവൃത്തിനഷ്ടം, അനാവശ്യ ചെലവുകൾ, ബന്ധനം തുടങ്ങിയവാണ് കാളസർപ്പയോഗത്തിൻ്റെ ഫലങ്ങൾ.

കാലസർപ്പദോഷ പരിഹാരങ്ങൾ

ജ്യോതിഷികളുടെ നിർദ്ദേശപ്രകാരം കാളസർപ്പദോഷത്തിന് പലവിധമായ പരിഹാരമാർഗങ്ങളുണ്ട്. സർപ്പപൂജ മുതൽ ആന്ധ്രാപ്രദേശിലുള്ള കാളഹസ്തീശ്വര ക്ഷേത്രത്തിലെ പൂജകൾ വരെയും പരിഹാരങ്ങളാണ്.

അതാരാവിലെ കുളിച്ച് ക്ഷേത്ര ദർശനം നടത്തുക. പൗർമണി ദിവസം ദുർഗാപൂജ, ശിവഭജനം, തുടങ്ങിയവ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. രാഹുവിൻ്റെ ധാന്യമായ ഉഴുന്ന് ഞായറാഴ്ച രാഹുകാല സമയത്ത് മൂന്ന് പ്രാവശ്യം തലയ്ക്ക് ചുറ്റി ഒഴുകുന്ന ജലത്തിലോ വീടിൻ്റെ വടക്ക് വശത്തോ ഉപേക്ഷിക്കുക. ഉഴുന്ന് ദാനം ചെയ്യുന്നതും ഒരു ദോഷപരിഹാര മാർഗമാണ്. നാഗപഞ്ചമി ദിവസം അല്ലെങ്കിൽ കൃഷ്ണപഞ്ചമി ദിവസം ഉപവസിക്കുക. ഇതോടൊപ്പം 1008 തവണ നാഗഗായന്ത്രി മന്ത്രം ജപിക്കുക.

സർപ്പദോഷശാന്തി മന്ത്രം

കാളസർപ്പദോഷമുള്ളവർ ഈ മന്ത്രം വളരെ ശ്രദ്ധയോടെ മൂന്ന് പ്രാവശ്യം ജപിക്കുക.

“ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൌ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൌ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൌ സമയിനാം
സരോജം ത്വത്പാദൌ ജനനി ജയതശ്ചിത്രമിഹ കിം”

Leave a Reply

Your email address will not be published. Required fields are marked *