Your Image Description Your Image Description

‘എമ്പുരാ’നെ വിടാതെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഇരുസമുദായങ്ങള്‍ തമ്മിലെ ശത്രുത വളര്‍ത്തുന്ന സിനിമയാണ് എമ്പുരാനെന്ന് വാരികയുടെ ഓണ്‍ലൈന്‍ പതിപ്പിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ‘എമ്പുരാന്‍ വിവാദം: അപകടകരമായ പ്രവണത’ എന്ന തലക്കെട്ടില്‍ സന്ദീപ് എന്ന ആളുടെ പേരിലാണ് ലേഖനം ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ രാത്രി 8.30-ഓടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണം മാത്രമല്ല ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ കാരണമെന്ന് പുതിയ ലേഖനത്തില്‍ പറയുന്നു.

വികലവും ഭിന്നിപ്പിക്കുന്നതുമായ ആഖ്യാനത്തിലൂടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത അപകടകരമായ രീതിയിൽ വളര്‍ത്തുന്ന സിനിമയാണിതെന്നാണ് ലേഖനത്തിൽ പറയുന്നത്. ചിത്രത്തിലെ സംഭവങ്ങള്‍ യഥാര്‍ഥ ലോകത്ത് പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്നും ലേഖനത്തില്‍ പറയുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കൊലപാതകത്തിനും ആക്രമണത്തിനും പ്രേരിപ്പിക്കുന്നതാണ് ചിത്രം. പ്രതികാരത്തിന്റെ പേരില്‍ അത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നു. സര്‍ക്കാരിനെതിരായ വികാരങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതുമാണ് സിനിമയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

‘രാജ്യത്തെ പ്രധാന തീവ്രവാദവിരുദ്ധ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ലോഗോ ദുരുപയോഗം ചെയ്തു. രാജ്യത്തെ ചില ഇസ്ലാമോ- ഇടത് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന പ്രചാരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) പോലുള്ള ഏജന്‍സികളുടെ ചിത്രീകരണം. തീവ്രവാദികളെ ന്യായീകരിക്കുന്നതും മഹത്വവത്കരിക്കുന്നതുമാണ് ചിത്രം. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രം സയ്യിദ് മസൂദിനും മൗലാന മസൂദ് അസറുമായുള്ള സാമ്യം യാദൃച്ഛികമോ അതോ ഗൂഢപദ്ധതിയുടെ ഭാഗമോയെന്ന ചര്‍ച്ച സിനിമ കണ്ടവര്‍ക്കിടയിലുണ്ട്’, ലേഖനം ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *