Your Image Description Your Image Description

ബെംഗളൂരു: റൈഡ്-ഹെയ്‌ലിംഗ് ആപ്പ് വഴി റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചുവെന്ന കാരണത്താൽ, യുവാവിനെ ഓട്ടോഡ്രൈവർമാർ ആക്രമിച്ചു. ബെംഗളൂരു നഗരത്തിലായിരുന്നു സംഭവം. യുവാവ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ അസ്വസ്ഥമായ അനുഭവം പങ്കുവച്ചു. നഗരത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന സാധാരണ പൗരന്മാർ നേരിടുന്ന ഭീഷണിയാണ് ഇതെല്ലാമെന്ന് യുവാവ് പോസ്റ്റിലൂടെ പറഞ്ഞു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുമായി ഇടപഴകുന്നത് നിരാശാജനകം മാത്രമല്ല, തികച്ചും അപകടകരവുമാണെന്ന് യുവാവ് കുറിച്ചു. സൗത്ത് ബംഗളൂരുവിലെ മെട്രോ സ്റ്റേഷനിൽ നിന്ന് റാപ്പിഡോ ബുക്ക് ചെയ്യാൻ ശ്രമിച്ചയാളാണ് അക്രമത്തിന് ഇരയായത്.

യുവാവ് റഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ പ്രകാരം, റാപ്പിഡോ ബുക്ക് ചെയ്യുന്നതിനിടയിൽ അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർ കൊണ്ടുപോകാമെന്ന് പറഞ്ഞു. അതിനെ നിരസിക്കുകയും റാപ്പിഡോ ഡ്രൈവർ എത്തിയ ഉടനെ ബൈക്കിൽ കയറുകയും ചെയ്തു. ഇതോടെ അടുത്ത് നിന്നിരുന്ന മറ്റ് ഓട്ടോ ഡ്രൈവർമാർ കൂടെ ചേരുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ നിന്നെ കാണും, നീ അവന്റെ കൂടെ പോകുമോ? തുടങ്ങിയ വാക്കുകൾ നിന്ന് പിന്നീട് വധഭീഷണിയിലേക്കും അതിക്രമത്തിലേക്കും മാറുകയായിരുന്നു. ഓട്ടോ ഡ്രൈവർ സ്കൂട്ടറിൽ പിന്തുടർന്ന്, യുവാവിന്റെ വഴി തടഞ്ഞു. തുടർന്ന് മറ്റ് ഓട്ടോ ഡ്രൈവർമാരും സ്കൂട്ടറിൽ എത്തിയ രണ്ട് യുവാക്കളും ചേർന്ന് റാപ്പിഡോ ബൈക്ക് ചുറ്റി വളഞ്ഞു. നിന്റെ കൈ ഞങ്ങൾ വെട്ടും എന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് പെട്ടെന്ന് തന്നെ 112 എന്ന അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിൽ യുവാവ് ബന്ധപ്പെട്ടു. എന്നാൽ പോലീസിന്റെ പ്രതികരണം ഒട്ടും ആശ്വാസകരമല്ലായിരുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണാത്മക പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പോലീസ് യുവാവിനെതിരെ തിരിഞ്ഞു. ഒരു ഓഫീസർ കന്നഡയിൽ ‘അവനെ അടിച്ച് വിട്ടയയ്ക്കൂ’ എന്നു പറഞ്ഞതായി അദ്ദേഹം പോസ്റ്റിൽ ആരോപിക്കുന്നു. പൊലീസ് ഇടപെടൽ ഉണ്ടായെങ്കിലും, യാത്രക്കാരന് കാര്യമായ സുരക്ഷാ ഉറപ്പ് ലഭിച്ചില്ല. അടുത്തിടെ ആർ.ആർ നഗറിൽ ഓട്ടോ ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നാല് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് ഈ സംഭവമെന്നും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *