Your Image Description Your Image Description

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ സിപിഎമ്മിൽ സമ്പൂർണ്ണമായ പിണറായിസമാണ്. തിരുവായ്ക്ക് എതിർവായില്ല എന്ന മട്ടിൽ പിണറായി വിജയൻ പറയുന്നതിന് മൂളുക മാത്രമാണ് കേരളത്തിലെ പാർട്ടി നേതാക്കൾക്ക് ചെയ്യാൻ കഴിയുന്നതെന്ന വിമർശനം ശകതമാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ വന്ന അതിഗുരുതരമായ ആരോപണങ്ങൾ ചർച്ചചെയ്യാൻ പോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കേരളത്തിലെ പാർട്ടിയിൽ പിണറായി കഴിഞ്ഞാൽ, ഏറ്റവും കരുത്തൻ അദ്ദേഹത്തിന്റെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ആണെന്ന കാര്യം ആർക്കും അറിയാവുന്നതാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ പലരും റിയാസിനെ ഉയർത്തിക്കാട്ടുന്നുണ്ട്. ശക്തമായ ഒരു പിആർ ടീമും റിയാസിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ന് രാവിലെ മുതൽ, മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയിൽ എത്തുമെന്ന രീതിയിൽ ഒരു പ്രമുഖ ചാനലിൽ വന്ന വാർത്ത. പാർട്ടിയെ നയിക്കാൻ തിളങ്ങിനിൽക്കുന്ന യുവരക്തംവേണമെന്നായിരുന്നു ചാനലിന്റെ തട്ടിവിടൽ. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മന്ത്രിയുമായ ഇദ്ദേഹത്തിന് ഡിവൈഎഫ്ഐ മൂൻ അഖിലേന്ത്യ പ്രസിഡന്റ് എന്ന പ്രവർത്തനപരിചയവും ഗുണം ചെയ്യുമെന്ന് ചാനൽ തട്ടിവിട്ടു. എന്നാൽ ഉച്ചയോടെ അവർ വാർത്ത തിരുത്തി. മുതിർന്ന നേതാവും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്ണൻ, സിപിഎം സൈദ്ധാന്തികനായ പുത്തലത്ത് ദിനേശൻ, വനിതാ നേതാവ് കെ എസ് സലീഖ എന്നിവരാണ് കേന്ദ്രകമ്മറ്റിയിൽ പുതുതായി എത്തിയത്. സലീഖയുടെ കടന്നുവരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു. റിയാസിനുവേണ്ടി കാമ്പയിൻ നടത്തിയ മാധ്യമങ്ങൾ ഇവുരുടെ പേര് പോലും പറഞ്ഞിരുന്നില്ല. പ്രവർത്തന പരിചയവും സീനിയോരിറ്റിയും തന്നെയാണ് പാർട്ടി പരിഗണിച്ചത്. റിയാസിന്റെ പേര് ഒരുഘട്ടത്തിലും പരിഗണിച്ചിട്ടില്ല. എന്നിട്ടും ഒരു വിഭാഗം മാധ്യമങ്ങൾ കാമ്പയിൻ അഴിച്ചുവിടുകയായിരുന്നു. പുതിയ ജനറൽ സെക്രട്ടറി എം എം ബേബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും തിരുവായ്ക്ക് എതിർവായില്ലാത്ത പാർട്ടിയിൽ ജനാധിപത്യം കൊണ്ടുവരിക എന്നത് തന്നെയായിരിക്കും. അതിന്റെ തുടക്കമെന്ന നിലയിലാണ് പലരും റിയാസ് കേന്ദ്രകമറ്റിയിൽ എത്തിപ്പെടാത്തിനെ വിശദീകരിക്കുന്നത്. ആദ്യഘട്ടത്തിൽ വിഎസിന്റെ ആളായി അറിയപ്പെട്ട നേതാവാണ് ബേബി. അദ്ദേഹത്തെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതും വിഎസ് ആണ്. പക്ഷേ പിന്നീട് രൂക്ഷമായ സിപിഎം വിഭാഗീയതയിൽ ബേബിയും പിണറായി വിജയന് ഒപ്പമായിരുന്നു. എന്നാൽ അന്ധമായ ഒരു പിണറായിസ്റ്റായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ദീർഘകാലം പാർട്ടിയെ നയിച്ച ഹർകിഷൻ സിങ് സുർജിത്തിൽ നിന്ന് പ്രകാശ് കാരാട്ട് ആ പദവി ഏറ്റെടുക്കുമ്പോൾ നേതൃനിരയിലെ തലമുറ മാറ്റം കൂടിയായിരുന്നു അവിടെ സംഭവിച്ചത്. കാരാട്ടിന് ശേഷം സീതാറാം യെച്ചൂരി വന്നപ്പോഴും എല്ലാം സുഗമവുമായിരുന്നു. നിലപാടുകളിൽ യെച്ചൂരിയോടായിരുന്നു അന്ന് കേരളത്തിൽ സജീവമായിരുന്ന പാർട്ടിയിലെ വിഎസ് വിഭാഗത്തിന് താൽപ്പര്യം. പക്ഷേ ഇന്ന് ഇഎംഎസിനശേഷം ബേബി വരുമ്പോൾ, പാർട്ടി സമ്പൂർണ്ണമായും പിണറായിക്ക് കീഴിലാണ്. അതുകൊണ്ടുതന്നെ ബേബിയുടെ നിലപാടുകൾ ഇവിടെ എല്ലാവരും ഉറ്റ് നോക്കുകയാണ്. കേരളത്തിൽ സിപിഎമ്മിന് തുടർഭരണം കിട്ടണമെങ്കിൽ പിണറായിസത്തിൽനിന്ന് മാറി ആവശ്യമായ തിരുത്തലുകൾ നടത്തേണ്ടതുണ്ട്. അതിന് ബേബി മുതിർന്നാൽ റിയാസ് അടക്കമുള്ളവരുമായുള്ള ഭിന്നതായാവും ഉണ്ടാവുക. കണ്ണൂർ ടീമിന് ബദലായി എം എ ബേബിക്ക് എന്തുചെയ്യാൻ കഴിയൂമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *