Your Image Description Your Image Description

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19 ലേക്ക് എത്തിയത് വലിയ പ്രയത്നത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ അസ്മ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ ഭർത്താവ് സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി.

തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നവജാത ശിശു നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ശരീരത്ത് പ്രസവ സമയത്തുണ്ടായിരുന്ന രക്തം പോലും തുടച്ചു കളയാതെയാണ് ഇയാള്‍ മലപ്പുറത്ത് നിന്ന് പെരുമ്പാവൂര്‍ വരെ കുഞ്ഞിനെ എത്തിച്ചതെന്ന് അസ്മയുടെ കുടുംബം ആരോപിച്ചിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലന്‍സിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയില്‍വെച്ചായിരുന്നു നടന്നത്. ഇതിന് ശേഷം സിറാജുദ്ദീന്‍ അക്യുപങ്ചര്‍ പഠിക്കുകയും പ്രസവം വീട്ടില്‍ നടത്തുകയുമായിരുന്നു.

സിറാജുദ്ദീന്റെ മന്ത്രവാദവും അന്ധവിശ്വാസവുമാണ് യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലത്രെ. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാൾ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്. ആദ്യ നാലുപ്രസവങ്ങളും വീട്ടിൽ തന്നെയായിരുന്നു നടത്തിയിരുന്നത്. ഭർത്താവ് സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപാണ് ഈ കുടുംബം വാടകവീട്ടിലെത്തുന്നത്. ഈ വീട്ടിൽ താമസിക്കുന്നത് ആരൊക്കെയാണെന്നുപോലും നാട്ടുക്കാർക്കോ അയൽക്കാർക്കോ അറിയില്ല. പേര് പോലും അറിയാത്ത ദുരൂഹത നിറഞ്ഞ കഥാപാത്രമാണെന്നാണ് നാട്ടുകാരിൽ പലരും ഇയാളെക്കുറിച്ച് പറയുന്നത്. സിറാജുദ്ദീൻ ‘മടവൂർ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. 3,500 സബ്സ്ക്രെെബേഴ്സ് ഉള്ള ചാനലാണ് മടവൂർ ഖാഫില. മരിച്ചുപോയ ഒരാളുടെ ഐതിഹ്യങ്ങൾ പ്രചരിപ്പിക്കുകയെന്നതാണ് ഈ ചാനലിലൂടെ നടത്തുന്നത്.

ഈ കുടുംബത്തിൽ നാലുകുട്ടികൾ ഉള്ളതുപോലും ആർക്കും അറിയില്ല. കുട്ടികളെ സ്കൂൾ വണ്ടിയിൽ വിടാനായി മാത്രമാണ് സിറാജുദ്ദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒൻപതാം ക്ലാസിലും രണ്ടാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആർക്കും അറിവില്ല. കഴിഞ്ഞ ദിവസം ഈ സ്ത്രീയെ പുറത്തുകണ്ടപ്പോൾ അയൽക്കാരി ഗ‌ർഭിണിയാണോയെന്ന് ചോദിച്ചെന്നും എട്ടുമാസം ഗർഭിണിയാണെന്ന് മറുപടി പറഞ്ഞെന്നും നാട്ടുകാർ വ്യക്തമാക്കി. 6സിറാജുദ്ദീന് എന്താണ് ജോലിയെന്ന് നാട്ടുകാർക്ക് അറിയില്ല. കാസർകോട് ഒരു പള്ളിയിലാണ് ജോലിയെന്നാണ് വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. പ്രഭാഷണത്തിന് പോകാറുള്ളത് നാട്ടുകാരിൽ ചില‌ർക്കൊക്കെ അറിയാം.

ഇരുവരും അക്യുപങ്ചര്‍ പഠിച്ചിരുന്നുവെന്നും പ്രസവങ്ങൾ എല്ലാം വീട്ടില്‍വെച്ചായിരുന്നു നടത്തിയതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയില്‍ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള അത്യാസന്ന നിലയുണ്ടായേക്കാമെന്നെല്ലാമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ്‌ സിറാജുദ്ദീനെതിരേ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും.യുവതിയുടെ മരണം അമിത രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അസ്മയ്ക്ക് കൃത്യസമയത്ത് ശുശ്രൂഷ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *