Your Image Description Your Image Description

മധുര: യോജിച്ച് കൂട്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയെന്നത് സംഘടനാപരമായിട്ടുള്ള വലിയ വെല്ലുവിളിയാണെന്നും എംഎ ബേബി. കൂട്ടായി ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. മറ്റെല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാവും. കുറച്ചുകാലമായുള്ള പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ ഭാ​ഗമായുള്ള പ്രവർത്തനത്തിന്റെ തുടർച്ചായാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു. സി പി എം ജനറൽ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് എം എ ബേബി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

പിണറായി വിജയൻ തന്നെയാകുമോ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ. സ്വഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമല്ലേയെന്നും അതിലെന്ത് സംശയമാണുള്ളതെന്നും ബേബി ചോദിച്ചു.

കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരഞ്ഞെടുപ്പ് ജനാധിപത്യ അവകാശം അനുവദിച്ചുകൊടുക്കുന്നതിന്റെ ഭാ​ഗമാണ്. അതിൽ മറ്റുവിഷയങ്ങളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രകമ്മിറ്റി പാനൽ പൂർണമായിട്ട് അം​ഗീകരിക്കുകയാണ് ചെയ്തത്. പാർട്ടി കോൺഗ്രസിൽ തന്റെ ഓർമ്മയിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റെന്ന നിലയിൽ ആ ഉത്തരവാദിത്തം ഇന്ത്യയിലുടനീളം നിർവഹിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അം​ഗമെന്ന നിലയിൽ പാർട്ടിയുടെ അം​ഗീകാരവും സഹായകരമാകുമെന്ന വിലയിരുത്തലിലാണ് പി.കെ ശ്രീമതിക്ക്‌ ഇളവ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനോടുള്ള സമീപനത്തിന്‍റെ കാര്യത്തിലും എം എ ബേബി നിലപാട് വ്യക്തമാക്കി. കോൺഗ്രസിനോട് നിലവിൽ തുടരുന്ന സമീപനം സി പി എം തുടരുമെന്നാണ് ജനറൽ സെക്രട്ടറി പ്രതികരിച്ചത്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും സംസ്ഥാനങ്ങൾക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായിരിക്കുമ്പോളും ദില്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസും എ എ പിയും തമ്മിൽ മത്സരിച്ചതടക്കം ബേബി ചൂണ്ടികാട്ടി. കേരളത്തിൽ എതിരിടുമ്പോഴും ദേശീയ സാഹചര്യത്തിൽ സഹകരണമെന്ന സുർജിത്തിന്‍റെയും യെച്ചൂരിയുടെയും സമീപനമാകും താനും തുടരുകയെന്നാണ് ബേബി വിവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *