Your Image Description Your Image Description

ഫിലഡെൽഫിയ: അബ്രാസോ ആദ്യമായി അച്ഛനായിരിക്കുകയാണ്, അതും നൂറാം വയസിൽ! 150 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന അമേരിക്കയിലെ പെൻസിൽ‌വേനിയയിലെ ഫിലഡെൽഫിയയിലെ മൃഗശാലയിലാണ് ആബ്രാസോ എന്ന പേരുള്ള ആൺ ഗാലപ്പഗോസ് ആമയ്ക്കും പേരിടാത്ത പെൺ ഗാലപ്പഗോസ് അമ്മയ്ക്കും കുഞ്ഞുങ്ങളുണ്ടായിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഗാലപ്പഗോസ് ആമകൾക്ക് നാല് കുഞ്ഞുങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇവിടുത്തെ ഏറ്റവും സീനിയർ അംഗങ്ങളായ ഗാലപ്പഗോസ് ആമയ്ക്ക് കുഞ്ഞുണ്ടാവുന്നത് മൃഗശാലയുടെ ചരിത്രത്തിൽ ആദ്യമായാണെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.

1932ലാണ് നിലവിൽ മുട്ടകളിട്ട പെൺ ഗാലപ്പഗോസ് ആമ മൃഗശാലയിലെത്തിയത്. മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയിരിക്കുന്നതായും ഓരോന്നും 70 മുതൽ 80 വരെ ഗ്രാം ഭാരമുണ്ടെന്നും മൃഗശാല അധികൃതർ വിശദമാക്കി. ഒരു കോഴിമുട്ടയോളം വലുപ്പം മാത്രമുള്ള ഇവയെ നിലവിൽ പ്രദർശിപ്പിക്കില്ലെന്നും ഉരഗങ്ങളെ സംരക്ഷിക്കുന്ന വിഭാഗത്തിന്റെ സംരക്ഷണയിലാണ് ഇവയുള്ളതെന്നുമാണ് മൃഗശാല വിശദമാക്കുന്നത്.

ആദ്യമുട്ട ഫെബ്രുവരി 27നാണ് വിരിഞ്ഞതെന്നും മൃഗശാല അധികൃതർ വിശദമാക്കി. ഫിലഡെൽഫിയ മൃഗശാലയെ സംബന്ധിച്ച് നാഴിക കല്ലാണ് ആമക്കുഞ്ഞുങ്ങളുടെ ജനനം എന്നാണ് അധികൃതർ വിശദമാക്കുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് ഗാലപ്പഗോസ് ആമകൾ.

മൃഗശാലകളെ കൂട്ടിയിണക്കിയുള്ള ജീവി വിഭാഗങ്ങളുടെ അതിജീവന പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഈ അമ്മ ആമയ്ക്കുള്ളതെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. വെസ്റ്റേൺ സാന്റാ ക്രൂസ് ഗാലപ്പഗോസ് ജീവി വിഭാഗത്തിൽ കുഞ്ഞുണ്ടായ ഏറ്റവും പ്രായം കൂടിയ ഗാലപ്പഗോസ് ആമയാണ് പെൺ ഗാലപ്പഗോസ് ആമ. ഏപ്രിൽ 23ന് പേരിടൽ ചടങ്ങോടെയാവും ഗാലപ്പഗോസ് കുഞ്ഞുങ്ങളെ മൃഗശാല സന്ദർശിക്കാനെത്തുന്നവർക്ക് കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *