Your Image Description Your Image Description

മൃഗപരിപാലന മേഖലയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കി വരുമാനത്തിന്റെ വിജയവഴികളിലാണ് കൊട്ടാരക്കര ബ്ലോക്പഞ്ചായത്ത്. വീട്ടമ്മമാര്‍ക്ക് സ്വയംതൊഴില്‍, തൊഴുത്ത്‌നവീകരണം, പാല്‍സബ്സിഡി എന്നിവ ഉറപ്പാക്കുകയാണ്. മേഖലയിലെ ക്ഷീരകര്‍ഷകരുടെ സാന്നിധ്യമാണ് പദ്ധതികള്‍ക്കും പ്രചോദനം.  

‘ഗൃഹസമൃദ്ധി-വീട്ടമ്മക്കൊരു കൈത്താങ്ങ്’ പദ്ധതിവഴി കറവ പശു, പെണ്ണാട്, മുട്ടക്കോഴികള്‍ എന്നിവ 35,000 രൂപ സബ്സിഡി നിരക്കിലാണ് കൈമാറിയത്. 60,000 രൂപ വിലവരുന്ന കറവപ്പശുവിന് 30,000 രൂപയും 9000 രൂപ വിലയുള്ള പെണ്ണാടിന് 4500 രൂപയും 10 മുട്ടക്കോഴിക്ക് 500 രൂപയുമാണ് സബ്സിഡിയായി നല്‍കിയത്. സബ്സിഡി കഴിച്ചുള്ള തുക ബാങ്കില്‍ ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശവും ലഭിക്കും. വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വീട്ടമ്മമാരാണ് ഗുണഭോക്താക്കള്‍. ബ്ലോക്ക് പഞ്ചായത്ത് 28 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 27 വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാനും ജീവിതനിലവാരം ഉയര്‍ത്താനുമായിട്ടുണ്ട്.
‘വേനല്‍രക്ഷ’ പദ്ധതിയിലൂടെ കന്നുകാലികളുടെ സംരക്ഷണവും  പാലുല്‍പാദന മികവും നിലനിര്‍ത്താനാണ് ശ്രമം. കടുത്ത വേനലില്‍ കന്നുകാലികളുടെ ജീവന്‍ നഷ്ടമാകുന്നതും പാലുല്‍പാദനം ഗണ്യമായി കുറയുന്നതും വഴി കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നത് ലഘൂകരിക്കുന്നതിനും പദ്ധതിസഹായകമായി. കൊട്ടാരക്കര ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലുള്ള വെറ്ററിനറി സര്‍ജന്‍/സീനിയര്‍ വെറ്ററിനറി സര്‍ജന്‍, നിര്‍വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ എന്നിവരടങ്ങിയ സാങ്കേതിക സമിതിയാണ് മരുന്നുകളുടെ പട്ടിക തയാറാക്കിയത്. കന്നുകാലികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മരുന്നുകള്‍ കൈമാറുകയായിരുന്നു.
തൊഴുത്ത്‌നവീകരണത്തിന് പ്രാധാന്യംനല്‍കിയാണ് മിനി ഡെയറി ഫാം പദ്ധതി. കറവയന്ത്രം, റബര്‍ മാറ്റ്, ഹാന്‍ഡ് ഷവര്‍, 40 ലിറ്റര്‍ സംവരണശേഷിയുള്ള പാല്‍പ്പാത്രം, ഹാന്‍ഡ് ട്രക്ക് എന്നിങ്ങനെ തൊഴുത്തിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുമിച്ചോ ഭാഗികമായോ ഒരുക്കുന്നതിനുള്ള തുകയുടെ 50 ശതമാനം സബ്സിഡിയാണ് നല്‍കിയത്. തൊഴുത്ത് ആധുനികവത്കരണത്തിലൂടെ  മാരകരോഗങ്ങള്‍ തടയാനായി. ക്ഷീരകര്‍ഷകന്റെ ജോലികള്‍ ലഘൂകരിക്കാനും ചാണകത്തില്‍നിന്ന് വളമുണ്ടാക്കി കൂടുതല്‍ ലാഭമുണ്ടാക്കാനും കഴിഞ്ഞു.
പാല്‍ സബ്സിഡിയും ബ്ലോക്ക് പഞ്ചായത്ത് വിജയകരമായി നടപ്പാക്കിവരുന്നു. വെളിയം, കരീപ്ര, പൂയപ്പള്ളി, നെടുവത്തൂര്‍, എഴുകോണ്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് അളക്കുന്ന പാലിന് ആനുപാതികമായി ലിറ്ററിന് മൂന്ന് രൂപ നിരക്കില്‍ 4000 രൂപ ധനസഹായമാണ് നല്‍കിവരുന്നത്. മൃഗക്ഷേമപദ്ധതികളിലൂടെ ലാഭംവര്‍ധിപ്പിക്കാനും ക്ഷീരമേഖലയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ബ്ലോക്ക്പ്രസിഡന്റ് എ. അഭിലാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *