Your Image Description Your Image Description

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ല, 2025ലെ ആദ്യപാദമായ ജനുവരി-മാർച്ചിൽ വാഹന ഉൽപാദനത്തിലും വിൽപനയിലും നേരിട്ടത് കനത്ത നഷ്ടമെന്ന് റിപ്പോർട്ട്. 2024ലെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്കാണ് ഇടിഞ്ഞത്. നഷ്ടം 13 ശതമാനമാണെന്നാണ് റിപ്പോർട്ട്. 2022 ജൂൺ പാദത്തിന് ശേഷം ടെസ്‌ല നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്.

വാഹന ഉൽപാദനം 4.33 ലക്ഷത്തിൽ നിന്ന് 3.62 ലക്ഷമായും കുറഞ്ഞു. നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാളും കുറവാണ് വിൽപനക്കണക്ക്. 3.52 ലക്ഷത്തിനും 3.70 ലക്ഷത്തിനും ഇടയിലായിരിക്കും വിൽപനയെന്നായിരുന്നു പൊതുനിരീക്ഷണം. സ്വീകാര്യതയുള്ള മോഡലുകളായ മോഡവ് 3, മോഡൽ വൈ എന്നിവയായിരുന്നു ഉൽപാദനത്തിൽ ടെസ്‌ലയെ തുണച്ചത്. മൊത്തം വിൽപനയിൽ 3.23 ലക്ഷവും ഇവയാണ്. സൈബർട്രക്ക് ഉൾപ്പെടെയുള്ള മറ്റ് മോഡലുകളുടെ വിൽപന 12,881 എണ്ണം മാത്രമായിരുന്നു.

അതേസമയം, ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെ കാഴ്ചവയ്ക്കുന്ന കടുത്ത മത്സരമാണ് ടെസ്‍ലയുടെ വിൽപനയെ ബാധിച്ച പ്രധാന തിരിച്ചടിയെന്നാണ് വിലയിരുത്തൽ. ചൈനയിൽ തന്നെ കഴിഞ്ഞ മാസം മാത്രം ടെസ്‍ലയുടെ വിൽപന 11.5% കുറഞ്ഞിരുന്നു.15 യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ സംയോജിത വിപണി വിഹിതം 17.9 ശതമാനത്തിൽ നിന്ന് 9.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *