Your Image Description Your Image Description

വേനൽ കടുത്തതോടെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമത്തിന് പുറമെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു . കഴിഞ്ഞ മാസത്തിൽ രണ്ടാഴ്ചക്കിടെ ഹെപ്പറ്റൈറ്റിസ് എ രോഗം ബാധിച്ചത് 484 പേർക്ക് എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.

രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരും നിരവധിയാണ്. രോഗം മൂർച്ഛിച്ച് ആളുകൾ മരിക്കുന്നതായും പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെയും പാരമ്പര്യ ചികിത്സ തേടുന്നവരുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തിയാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇടവിട്ട് മഴപെയ്യാൻ തുടങ്ങിയതോടെ രോഗവ്യാപന ഭീതിയും കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ദിവസം പത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിക്കുന്നുണ്ട്. രോഗം ബാധിക്കുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഡോക്ടർമാർ പങ്കുവയ്ക്കുന്നത് .

മല മൂത്ര വിസർജനത്തിലൂടെയും വായുവിലൂടെയും പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപ്പെട്ട മഞ്ഞപ്പിത്തമാണ് വ്യാപിക്കുന്നത്. തിളപ്പിക്കാത്ത വെള്ളം കുടിക്കുന്ന ശീലം കൂടിയതും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു.

ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ടാഴ്ച മുതൽ ഒരു മാസംവരെ എടുക്കും. രോഗലക്ഷണങ്ങളുണ്ടാകും മുൻപു തന്നെ മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഉഷ്ണകാലാവസ്ഥയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചാവ്യാധിയാണിത്. കൃത്യമായ ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായാൽ ഇത് മരണത്തിനു വരെ കാരണമാകും.മഞ്ഞപ്പിത്തത്തെ ഒരിക്കലും നിസാരമായി കാണരുത്. രോഗം അതിവേ​ഗം പടരുന്ന സാ​ഹചര്യത്തിൽ ഓരോരുത്തരും കടുത്ത ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. പണ്ട്

രോഗബാധയുണ്ടായവർക്ക് ചെറിയ ചികിത്സകൊണ്ടു ഭേദമാകുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ഗുരുതരമാണ്. പലതരം രോഗാവസ്ഥയിലൂടെ കടന്നു പോയി രോഗബാധിതരിൽ പലരും മരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണ് കാണുന്നത് .

പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റി ലിവർ പോലുള്ള ജീവിതശൈലീ രോഗങ്ങൾ സമൂഹത്തിൽ വ്യാപകമായതിനാൽ ഇത്തരക്കാർക്കിടയിലും മഞ്ഞപ്പിത്തം വ്യാപകമായിട്ടുണ്ട്. പലരും മഞ്ഞപ്പിത്തം നേരത്തേ അറിയാതെ മരണത്തിന് കീഴടങ്ങുന്നു .

വിവിധ ഭാഗങ്ങളിൽ രാത്രികാല കച്ചവടങ്ങൾ രോഗം പടർന്ന് പിടിക്കുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല വേനൽ കടുത്തതോടെ പല ജല സ്രോതസുകളും വറ്റി വരണ്ടു. ഇതോടെ വഴിയോരങ്ങളിൽ വിൽക്കുന്ന വെൽക്കം ഡ്രിങ്കുകൾ, ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം തുടങ്ങിയവ ഉണ്ടാക്കുന്ന വെള്ളത്തിന്റെ സുരക്ഷയും ആരും പരിശോധിക്കുന്നില്ല.

കുലുക്കി സർബത്ത്, ദം സോഡ, മസാല സോഡ, പാനി പൂരി എന്നിങ്ങനെ എരിവും പുളിയും മധുരവും വിവിധ മസാലക്കൂട്ടുകളും അടങ്ങിയ പാനീയങ്ങളുടെ വിൽപ്പനയും പതിൻ മടങ്ങ് കൂടിയിട്ടുണ്ട്. ഇത്തരം പാനീയങ്ങൾ തയ്യാറാക്കുന്നത് പലതും ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയാണ്.

ഇത് മഞ്ഞപ്പിത്തം വേഗത്തിൽ പടരാൻ കാരണമാകുന്നു. കിണർ അടക്കമുള്ള കുടിവെള്ളത്തിന്റെ സ്രോതസുകളിൽ നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്തണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല.
മഞ്ഞപ്പിത്തം പടരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം,

പക്ഷേ എന്നിട്ടും വീണ്ടും വീണ്ടും അണുബാധയുണ്ടാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നമ്മുടെ ശ്രദ്ധക്കുറവും ജാഗ്രത ഇല്ലായ്മയുമാണെന്നേ പറയാൻ സാധിക്കു. എല്ലാ കാര്യങ്ങളും വ്യക്തമായി മനസിലുണ്ടെങ്കിലും നമ്മൾ ഇപ്പോഴും വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു.

ഒറ്റ തവണ കുടിച്ചാൽ മഞ്ഞപ്പിത്തം പടരില്ലെന്നാണ് പലരുടേയും പക്ഷം. പക്ഷേ കാര്യം ഗൗരവമായി എടുക്കണം. പണ്ടുള്ളത് പോലെയല്ല രോഗം അതി സങ്കീർണ്ണമായിക്കൊണ്ടിരിക്കുകാണ്. നമ്മൾ ശുചിത്വം പാലിച്ചേ മതിയാകൂ.

മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യവകുപ്പ് നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും കാര്യക്ഷമമല്ല. കിണറുകൾ ക്ലോറിനേറ്ര് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും ഒച്ചിഴയുന്ന വേഗതായണ്.

തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് സായാഹ്ന പരിശോധന തുടങ്ങിയെങ്കിലും ജീവനക്കാരുടെ കുറവും വാഹനമില്ലായ്മയും വകുപ്പിനേയും പിന്നോട്ടടിപ്പിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *