Your Image Description Your Image Description

ഇക്കണക്കിന് പോയാൽ സിദ്ദിഖ് കാപ്പൻ്റെ ദോസ്ത് രാജീവ് ചന്ദ്രശേഖറിൻ്റെ മീഡിയ സെക്രട്ടറിയുമാകും ; തൊഗാഡിയയുടെ ശിഷ്യൻ പൊളിറ്റിക്കൽ സെക്രട്ടറിയുമാകും . ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ, മാധ്യമ ഉപദേഷ്ടാക്കളുടെ ടീമിനെ ചൊല്ലി ബി ജെ പി – ആർ എസ് എസ് തർക്കം മൂക്കുന്നു .

ഹത്രാസ് കലാപ ഗൂഡാലോചന കേസ് പ്രതി സിദ്ദിഖ് കാപ്പനു സ്വീകരണം നൽകിയതിൻ്റെ പേരിൽ ജന്മഭൂമിയിൽ അച്ചടക്ക നടപടി നേരിട്ട സന്ദീപ് സോമനാഥിനെ രാജീവ് ചന്ദ്രശേഖറിന്റെ മീഡിയ സെക്രട്ടറിയാക്കാനുള്ള തീരുമാനം വിവാദമായി.

ജന്മഭൂമി ഡൽഹി ബ്യൂറോ ചീഫ് ആയിരുന്ന സന്ദീപ് സോമനാഥിനെ അടുത്തിടെ ജന്മഭൂമി ഓൺലൈനിൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇക്കാര്യങ്ങളുടെ ഉള്ളുകളികൾ അറിയാത്ത രാജീവ് ചന്ദ്രശേഖറിനെ കുടുക്കുന്ന തരത്തിലാണ് പുതിയ ടീം രൂപപ്പെടുത്തുന്നത്.

തൊഗാഡിയയുടെ വി എച്ച് പി കേരള ഘടകം ഭാരവാഹിയായിരുന്ന കോഴിക്കോട് സ്വദേശി ബിജിത്തിനെ രാജീവ് ചന്ദ്രശേഖറിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കവും ആർ എസ് എസ് കേരള നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. തൊഗാഡിയയുടെ വി എച്ച് പി ദേശീയ ഭാരവാഹിയായിരുന്ന പ്രതീഷ് വിശ്വനാഥനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കണമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ താൽപര്യം ആർ എസ് എസ് നിരാകരിച്ചിരുന്നു.

എന്നാൽ പ്രതീഷ് വിശ്വനാഥൻ ശുപാർശ ചെയ്ത 12 പേരെ പ്രസിഡൻ്റിൻ്റെ ഉപദേശകരായി നിയമിക്കാനാണ് രാജീവ് ചന്ദ്രശേഖറിൻ്റെ നീക്കം. രാജീവ് ചന്ദ്രശേഖറിൻ്റെ ഭാരവാഹി പട്ടികയിൽ നിന്നു വി.വി. രാജേഷിനെ ഒഴിവാക്കാനായി പോസ്റ്റർ പ്രചരണം നടത്തിയ സംഘമാണ് ഉപദേശകരായി എത്തുന്നതെന്ന വിവരവും ആർഎസ്എസ് നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്.

വി.വി. രാജേഷ് ഭാരവാഹിയായാൽ സംസ്ഥാന കമ്മിറ്റി ഓഫിസിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന പേടിയാലാണ് വി എച്ച്പി ടീം പോസ്റ്റർ പ്രചരണം നടത്തിയത്. രാജീവ് ചന്ദ്രശേഖറിനെയും വി.വി.രാജേഷിനെയും അകറ്റുകയെന്ന തന്ത്രമാണ് വി എച്ച് പി ടീം പയറ്റുന്നത്. ഫലത്തിൽ രാജീവ് ചന്ദ്രശേഖറിനെ ഹൈജാക്ക് ചെയ്ത് ആർഎസ് എസിൻ്റെയും ബി ജെ പി സംസ്ഥാന നേതാക്കളുടെയും സ്വാധീനം തകർക്കാനാണ് നീക്കങ്ങൾ.

ഭാരവാഹി പട്ടികയ്ക്ക് ആർഎസ് എസ് അംഗീകാരം നൽകണമെങ്കിലും ഉപദേഷ്ടാക്കളെ സ്വതന്ത്രമായി നിയമിക്കാൻ രാജീവ് ചന്ദ്രശേഖറിന് അധികാരമുണ്ട്. കേരള ബിജെപിയിൽ പുതിയൊരു അധികാര ധ്രുവീകരണത്തിനു കളമൊരുക്കുകയാണ് പുതിയ നീക്കങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *