Your Image Description Your Image Description

ഹോക്കി താരം വന്ദന കതാരിയ വിരമിക്കൽ പ്രഖ്യാപിച്ചതോടെ അന്ത്യമാകുന്നത് ഇന്ത്യൻ വനിത ഹോക്കിയിലെ ഇതിഹാസ തുല്യമായ ഒരു കരിയറിനാണ്. 15 വർഷമായി ഇന്ത്യൻ മുന്നേറ്റ നിരയിലെ ചടുല സാന്നിധ്യമായിരുന്നു വന്ദന. സമൂ​ഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരം കളിച്ച വനിതാ താരമെന്ന ബഹുമതിയും പേറിയാണ് വന്ദന കളിക്കളം വിടുന്നത്.

320 തവണയാണ് വന്ദന ഇന്ത്യൻ കുപ്പായം അണിഞ്ഞ് കളത്തിലിറങ്ങിയത്. 158 തവണ എതിർവല കുലക്കാനും ഈ യുവതിക്ക് കഴിഞ്ഞിരുന്നു. സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു വൈകാരിക കുറിപ്പാണ് മുപ്പത്തിരണ്ടുകാരിയായ പങ്കുവച്ചിരിക്കുന്നത്. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും വാക്കിലും ചിന്തയിലും ഈ നിമിഷം വെറും ശുന്യതയാണ് അനുഭവപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

‘‘ഇന്ന്, ഭാരമേറിയതും എന്നാൽ നന്ദിയുള്ളതുമായ ഹൃദയത്തോടെ അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. മധുരവും കയ്പും ഒരുപോലെ തോന്നുന്ന തീരുമാനം. എന്റെ ഉള്ളിലെ തീ അണഞ്ഞതിനാലോ എന്റെ ടാങ്കിലെ ഹോക്കി വറ്റിപ്പോയതിനാലോ അല്ല, മറിച്ച് എന്റെ ഏറ്റവും മികച്ച അവസ്ഥയിൽ ആയിരിക്കുമ്പോൾ, കരിയറിന്റെ ഉന്നതിയിൽ തലകുനിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ പിന്മാറുന്നത്. ക്ഷീണത്തിൽനിന്ന് ജനിച്ച ഒരു വിടവാങ്ങലല്ല ഇത്. എന്റെ തല ഉയർത്തിപ്പിടിച്ച്, സ്റ്റിക്ക് ഇപ്പോഴും ജ്വലിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര വേദി വിടുകയെന്നത് എന്റെ ഇഷ്ടപ്രകാരമുള്ള തെരഞ്ഞെടുപ്പാണ്. കാണികളുടെ ആരവം, ഓരോ ഗോളിന്റെയും ആവേശം, ഇന്ത്യയുടെ നിറങ്ങൾ ധരിക്കുന്നതിന്റെ അഭിമാനം എന്നിവ എന്റെ ആത്മാവിൽ എന്നെന്നേക്കുമായി പ്രതിധ്വനിക്കും’’-വന്ദന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

2016,23 എന്നീ വർഷങ്ങളിൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും 2022 നേഷൻസ് കപ്പിലും ഇന്ത്യക്കായി സ്വർണം. 2018 ഏഷ്യൻ ​ഗെയിംസിലും 2013, 2018 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും വെള്ളി. 2022 കോമൺ‌വെൽത്ത് ഗെയിംസിലും 2014, 2022 ഏഷ്യൻ ഗെയിംസിലും വെങ്കലം, ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രപരമായ നാലാം സ്ഥാനം നേടിയതിന് പുറമേ, അവർക്ക് അർജുന അവാർഡും (2021) പത്മശ്രീയും (2022) ലഭിച്ചു, 2014 ൽ ഹോക്കി ഇന്ത്യ പ്ലെയർ ഓഫ് ദി ഇയർ, ഫോർവേഡ് ഓഫ് ദി ഇയർ (2021, 2022) എന്നിവയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ൽ ഇന്ത്യൻ വനിതകൾ ആദ്യമായി ജൂനിയർ വേൾഡ് കപ്പിൽ മെഡൽ(വെങ്കലം) നേടിയപ്പോൾ വന്ദനയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. അവിടുന്നാണ് ഇതിഹാസത്തിലേക്കുള്ള യാത്ര വന്ദന ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *