കൊച്ചി: വഞ്ചനാ കേസ് കേസില്‍ വിശദീകരണവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. 25 ലക്ഷം നിക്ഷേപം നല്കാന് തയ്യാറാണെന്നാണ് പരാതിക്കാരനായ നിജു രാജ് അറിയിച്ചത്. ആകെ തന്നത് 5 ലക്ഷം മാത്രമാണ്. കൊച്ചിയില്‍ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശ സാമ്പത്തികമായി പരാജയമായിരുന്നു എന്നും ഷാന്‍ പറഞ്ഞു. ഇറ്റേണല്‍ റേ റെക്കോര്‍ഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശദീകരണം.
നിജുവിന്റെ കമ്പനിയായ അറോറയുമായിട്ടായിരുന്നു കരാര്‍. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷന്‍ നടത്തുന്നതെന്ന് തലേ ദിവസം സ്ഥലത്ത് എത്തിയപ്പോഴാണ് അറിഞ്ഞത്. പരിപാടിക്ക് ശേഷം 45 ലക്ഷത്തിന്റെ ബില്ലുമായാണ് നിജു വന്നത്. പിന്നീട് അത് 47 ലക്ഷമായി. തന്റെ ഭാര്യയെ വിളിച്ച് തുക തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാന്‍ റഹ്മാന് പറയുന്നു. പിന്നാലെ ആകെ തന്ന 5 ലക്ഷം തിരികെ നല്കി.
ഭീഷണി തുടന്നപ്പോള്‍ താന്‍ വോയ്സ് മെസേജ് അയച്ചെന്നും ചോദിച്ച പണം കൊടുക്കില്ല എന്നറിഞ്ഞപ്പോഴാണ് നിജു കേസ് കൊടുത്തതെന്നും ഷാന്‍ റഹ്മാന് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29ന് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ഷാന്‍ വ്യക്തമാക്കിയിട്ടുണ്ട്.