Your Image Description Your Image Description

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കാറ്റഗറിയില്‍ തുടരുമെന്നാണ് വിവരം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യരെ വീണ്ടും കരാറില്‍ ഉള്‍പ്പെടുത്തുമെന്നും അതേസമയം ഇഷാന്‍ കിഷനെ ഇത്തവണയും പരിഗണിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്സര്‍ പട്ടേലിന് കരാറില്‍ പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഇതുവരെ കരാര്‍ ലഭിക്കാത്ത വരുണ്‍ ചക്രവര്‍ത്തിക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും അഭിഷേക് ശര്‍മക്കും ബിസിസിഐ കരാര്‍ ലഭിക്കും. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ മൂന്ന് പേരെയും എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റുമെന്നും ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കളിക്കാരുടെ വാര്‍ഷിക കരാര്‍ തീരുമാനിക്കാനായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയയും കോച്ച് ഗൗതം ഗംഭീറും ഗുവാഹത്തിയില്‍ യോഗം ചേരാനിരുന്നെങ്കിലും ഗംഭീര്‍ അവധി ആഘോഷിക്കാനായി വിദേശത്തായതിനാല്‍ യോഗം നടന്നിരുന്നില്ല.

2024ലെ വാര്‍ഷി കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. ഇതില്‍ കോഹ്‌ലിയും രോഹിത്തും ജഡേജയും പുറത്തായാല്‍ എ പ്ലസ് ഗ്രേഡില്‍ ബുമ്ര മാത്രമാകും. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തിയേക്കുമെന്നും യശസ്വി ജയ്സ്വാളിനെയും അക്സര്‍ പട്ടേലിനെയും ബി കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. നിശ്ചിത കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലോ, എട്ട് ഏകദിനത്തിലോ 10 ടി20 മത്സരങ്ങളിലോ കളിക്കുന്നവരെയാണ് സി കാറ്റഗറിയിൽ ഉള്‍പ്പെടുത്താറുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ സി കാറ്റഗറിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *