Your Image Description Your Image Description

എമ്പുരാന്‍ സിനിമയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണവും മോഹന്‍ലാലിന്റെ ഖേദപ്രകടനവുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷമായിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കിലും അത് ഉണ്ടായില്ല. പുതുക്കിയ പതിപ്പ് തിയറ്റര്‍ പ്രദര്‍ശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികള്‍ക്ക് സമയം എടുക്കുന്നതിനാലാണ് ഇത്.

 

തിയറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ ഇതിനുള്ള സാവകാശം ഉറപ്പാക്കണം. പുതിയ പതിപ്പ് സെര്‍വറുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ സമയമെടുക്കും. ഇത് തിയറ്റര്‍ പ്രദര്‍ശനത്തിനായി ഡൗണ്‍ലോഡ് ചെയ്യാനും സമയം എടുക്കും. ഇന്ന് രാത്രി കൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. നാളെയോടെ പുതിയ പതിപ്പ് പ്രദര്‍ശനത്തിന് എത്തും.

27-ാം തീയതി തിയറ്ററുകളില്‍ എത്തിയ എമ്പുരാന്റെ ഒറിജിനല്‍ പതിപ്പിന് 17 ഇടത്താണ് വെട്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍രാജ് എന്നാക്കി. 18 ഇടങ്ങളില്‍ പേര് മാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങള്‍ മാറ്റി. എന്‍ഐഎ ലോഗോ കാണിക്കില്ല. വില്ലന്‍ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.

 

എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇറക്കുന്നതില്‍ തുടരുന്നത് അസാധാരണ നീക്കങ്ങളാണ്. അവധി ദിവസങ്ങള്‍ കഴിഞ്ഞ് ചൊവഴിച്ചയോടെ സിനിമയില്‍ തിരുത്തല്‍ വരുത്താനായിരുന്നു ആദ്യ ധാരണ. എന്നാല്‍ പല ഭാഗങ്ങളില്‍ നിന്നും റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിനും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അവധി ദിവസമായ ഞാവറാഴ്ച തന്നെ റീ സെന്‍സറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സിനിമ സെന്‍സറിംഗ് നടത്തിയ റീജിയണല്‍ ഓഫീസര്‍ക്കും സെന്‍സറിംഗ് അംഗങ്ങള്‍ക്കും എതിരെ നടപടിക്ക് സാധ്യത ഉണ്ട്. നടപടി വേണമെന്ന് സംഘപരിവാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *