Your Image Description Your Image Description

കോഴിക്കോട്: ‘എമ്പുരാന്‍’ സിനിമ വിവാദങ്ങളിൽപെട്ട് നിൽക്കുന്ന സാഹചര്യത്തിൽ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മോഹന്‍ലാലിനെതിരെ പരാതി. മോഹന്‍ലാല്‍ സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍ പ്രതിരോധ മന്ത്രാലയത്തിനാണ് പരാതി നല്‍കിയത്. മോഹന്‍ലാലിന് നല്‍കിയ ഓണററി പദവി പുനരവലോകനം ചെയ്യണമെന്ന് പരാതിയില്‍ മിഥുന്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു.

മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന ആളാണെന്ന് മിഥുന്‍ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിരുദ്ധമാണ് മോഹന്‍ലാല്‍ എമ്പുരാനില്‍ അവതരിപ്പിച്ച കഥാപാത്രമെന്നും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ എന്‍ഐഎയെ സ്വാധീനിക്കാന്‍ കഴിയുമെന്നതടക്കം ചിത്രം സൂചിപ്പിക്കുന്നുണ്ടെന്നും മിഥുന്‍ പറയുന്നു. കീര്‍ത്തിചക്ര ഇന്ത്യന്‍ സൈനികരെ അന്തസ്സോടെയും വീര്യത്തോടെയും ചിത്രീകരിച്ച ചിത്രമാണെന്ന് മിഥുന്‍ പറയുന്നു.

അതില്‍ അഭിനയിച്ച ശേഷമാണ് മോഹന്‍ലാലിന് ഓണററി പദവി ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം രാജ്യത്തെ യുവജനങ്ങളെയടക്കം വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നും മിഥുന്‍ പറയുന്നു. എന്നാല്‍ എമ്പുരാനില്‍ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഓണററി പദവിക്ക് വിരുദ്ധമായതാണ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിന് നല്‍കിയ ഓണററി പദവിയില്‍ പുനരവലോകനം വേണമെന്നും ഓണററി പദവി നല്‍കുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോള്‍ വേണമെന്നും മിഥുന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *