Your Image Description Your Image Description

തിരുവനന്തപുരം : 2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രഷറിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മാർച്ച് 29ന് സംസ്ഥാന, തദ്ദേശ സ്വയംഭരണ പദ്ധതി ചെലവുകൾ 28,039 കോടി കടന്നു. സംസ്ഥാന പദ്ധതി ചെലവ് 18,705.68 കോടി രൂപയും (85.66 ശതമാനം), തദ്ദേശസ്ഥാപന പദ്ധതി ചെലവ് 9333.03 കോടി (110 ശതമാനം) രൂപയും കടന്നു.

രണ്ടു ട്രില്യൺ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വർഷത്തെ കണക്കുകൾ. സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.

2023- 24ൽ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു. 2024-25 വർഷത്തെ വാർഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാർച്ചിൽ മാത്രം 26,000 കോടി രൂപയിൽ അധികമാണ് ചെലവിട്ടതെന്ന് മന്ത്രി വിശദമാക്കി.

പ്രാഥമിക കണക്കുകൾ പ്രകാരം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നു. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടി രൂപയായെന്ന് മന്ത്രി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *