Your Image Description Your Image Description

വാഷിങ്ടണ്‍: സ്ത്രീകള്‍ക്ക് നിര്‍വചനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ‘എന്താണ് സ്ത്രീ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്. ‘കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുന്ന ആളാണ് സ്ത്രീ’, എന്നായിരുന്നു ട്രംപിന്റെ വിശദീകരണം. യുഎസ് ഭരണകൂടത്തിന്റെ ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധ നടപടികള്‍ ചര്‍ച്ചയാവുന്നതിനിടെയാണ് ഈ മറുപടി

ന്യൂജേഴ്‌സിയിലെ താത്കാലിക യുഎസ് അറ്റോണിയായി ട്രംപ് അലിന ഹബ്ബയെ നിയമിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘ഡെമോക്രാറ്റുകള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടാണ് നിങ്ങളോട് ഈ ചോദ്യം. ഒരു സ്ത്രീ എന്താണ്? എങ്ങനെയാണ് സ്ത്രീയും പുരുഷനും തമ്മിലെ വ്യത്യാസം നമ്മള്‍ മനസിലാക്കേണ്ടത്?’, എന്നായിരുന്നു ചോദ്യം.

‘കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുന്ന ഒരാളാണ് സ്ത്രീ. അവള്‍ക്ക് തുല്യതയുണ്ട്. പുരുഷനേക്കാള്‍ ബുദ്ധിശാലികളാണ് സ്ത്രീകള്‍ എന്നാണ് ഞാന്‍ മനസിലാക്കിയത്. പുരുഷന് വിജയിക്കാന്‍ ഒരു സാധ്യതപോലും നല്‍കാത്തവരാണ് സ്ത്രീകള്‍’, എന്നായിരുന്നു ട്രംപിന്റെ മറുപടി.

സ്ത്രീകളോട് പലപ്പോഴും അന്യായമായാണ് പെരുമാറിയിട്ടുള്ളതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്മാര്‍ക്കും മത്സരിക്കാമെന്നത് പരിഹാസ്യമാണെന്ന് മാത്രമല്ല, അങ്ങേയറ്റം അന്യായവുമാണ്. അത് സ്ത്രീകളെ അനാദരിക്കുന്നതും അപമാനിക്കുന്നതുമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ ട്രാന്‍സ് വിരുദ്ധ നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു ഈ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *